ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെ ഉദ്വേഗംനിറഞ്ഞ മൂന്നുമണിക്കൂർ ചർച്ചയ്ക്കൊടുവിൽ കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാതെ ഹൈക്കമാൻഡ്. ഘടകകക്ഷിനേതാക്കളുമായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സംസാരിച്ചശേഷം രണ്ടുദിവസത്തിനകം പ്രഖ്യാപിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിപദത്തിനായി അവകാശമുന്നയിക്കുന്ന മൂന്നുപേരിൽ കെ.സി. വേണുഗോപാലിന് മുൻതൂക്കമുണ്ടെന്നാണ് സൂചന. എന്നാൽ, രമേശ് ചെന്നിത്തലയും വി.ഡി. സതീശനും പ്രതീക്ഷയിലാണ്.
രാഹുൽഗാന്ധിയുടെ നിർദേശപ്രകാരം സതീശനും വേണുഗോപാലും രമേശ് ചെന്നിത്തലയും അണികളുടെ പ്രകടനങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെട്ടു. രാഹുൽ നേരിട്ടിടപെടുന്നതോടെ മുസ്‌ലിംലീഗടക്കമുള്ള ഘടകകക്ഷികളെ അനുരഞ്ജനത്തിലെത്തിക്കാമെന്നാണ് കരുതുന്നത്.
യോഗത്തിൽ രമേശ് ചെന്നിത്തല തന്റെ സീനിയോറിറ്റിയടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചു. ഇക്കാര്യം ഹൈക്കമാൻഡ് ശ്രദ്ധാപൂർവം കേട്ടതായും അതിൽ സംതൃപ്തിയുണ്ടെന്നും അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങളിൽനിന്നറിയുന്നു. അന്തിമതീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് മൂന്നുനേതാക്കളും രാഹുലിനെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും അറിയിച്ചിട്ടുണ്ട്.
അന്തിമതീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നും മേയ് 23 വരെ അതിന് സമയമുണ്ടെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ്‌മുൻഷി പറഞ്ഞു.
കെ.പി.സി.സി. അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫിനും കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നത്തല എന്നിവർക്കുമൊപ്പമെത്തിയാണ് ദീപാ ദാസ്‌മുൻഷി ഇക്കാര്യം പറഞ്ഞത്.
ചേരിതിരിഞ്ഞ് ആരും പ്രകടനങ്ങൾ നടത്തരുതെന്നും പോസ്റ്ററുകൾ പതിക്കരുതെന്നും ഉള്ളവയെല്ലാം നീക്കം ചെയ്യണമെന്നും നേതാക്കൾ ഒറ്റക്കെട്ടായി ആഹ്വാനംചെയ്തു. ഇത്തരം പ്രവൃത്തികൾ പാർട്ടിയുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് ദീപാ ദാസ്‌മുൻഷിയും പറഞ്ഞു. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ഖാർഗെയുടെ വസതിയിൽ യോഗം തുടങ്ങിയത്. നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവരും പങ്കെടുത്തു.
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ആദ്യം ദീപാ ദാസ്‌മുൻഷിയെ കണ്ടു. പിന്നീട് നിരീക്ഷകർ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരിൽനിന്ന് വിവരങ്ങൾ തേടി. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും ഇത് എല്ലാവരും അംഗീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. തീരുമാനം വന്നാൽ പ്രതിഷേധങ്ങളൊന്നും ഉണ്ടാവരുതെന്നും നിർദേശം നൽകി. തങ്ങൾക്ക് സ്വീകാര്യമല്ലാത്ത തീരുമാനമാണെങ്കിലും അനുസരിക്കുമെന്നും അക്കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കുമെന്നും നേതാക്കൾ ഉറപ്പുനൽകിയതോടെ യോഗം അവസാനിപ്പിച്ചു.
UDF cm in kerala will be announced today















