തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 100-ലധികം സീറ്റുകൾ നേടി ഉജ്ജ്വല വിജയം കൈവരിച്ച യുഡിഎഫിൽ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാനുള്ള ചർച്ചകൾ സജീവമാകുന്നു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി പ്രത്യേക നിരീക്ഷകരെ കേരളത്തിലേക്ക് അയക്കാൻ എഐസിസി തീരുമാനിച്ചു. മുതിർന്ന നേതാക്കളായ രണ്ട് പേരെയാണ് ഹൈക്കമാൻഡ് നിരീക്ഷകരായി നിയോഗിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ സസ്പെൻസ് തുടരുകയാണ്.
വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാകും. വരും ദിവസങ്ങളിൽ തന്നെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്ന് എഐസിസി അറിയിച്ചിട്ടുണ്ട്.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ നിയമസഭാ കക്ഷി യോഗം വിളിക്കുന്ന ദിവസമായിരിക്കും കേന്ദ്ര നിരീക്ഷകർ കേരളത്തിലെത്തുക. ഇവർ ഓരോ എംഎൽഎമാരുമായും വ്യക്തിപരമായി സംസാരിച്ച് അഭിപ്രായം തേടും. തുടർന്ന് തയ്യാറാക്കുന്ന റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷന് സമർപ്പിക്കും. ഇതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തുന്നത് എന്നതിനാൽ അതീവ ജാഗ്രതയോടെയും ഐക്യത്തോടെയുമാണ് നേതൃത്വം ചർച്ചകളെ മുന്നോട്ട് കൊണ്ടുപോകുന്നത്.















