വിജയപ്രതീക്ഷയിൽ യുഡിഎഫ്; വോട്ടെണ്ണലിന് മുന്നോടിയായി നേതാക്കൾ തലസ്ഥാനത്തേക്ക്, മുഖ്യമന്ത്രി കസേര തന്നെ ലക്ഷ്യം?

വിജയപ്രതീക്ഷയിൽ യുഡിഎഫ്; വോട്ടെണ്ണലിന് മുന്നോടിയായി നേതാക്കൾ തലസ്ഥാനത്തേക്ക്, മുഖ്യമന്ത്രി കസേര തന്നെ ലക്ഷ്യം?

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനും തുടർനടപടികൾക്കുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ തലസ്ഥാനത്തേക്ക് തിരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ രാത്രിയോടെ തിരുവനന്തപുരത്തെത്തും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും കെ സുധാകരനും നാളെ രാവിലെ എത്തുന്നതോടെ യുഡിഎഫിന്റെ പ്രധാന നേതാക്കളെല്ലാം വോട്ടെണ്ണൽ ദിവസം ഇന്ദിര ഭവനിൽ ഒത്തുചേരും.

വോട്ടെണ്ണൽ തത്സമയം വീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നിലവിൽ തലസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്. യുഡിഎഫിന് മികച്ച വിജയം ഉണ്ടാകുമെന്നും ജനവിധി അനുകൂലമാകുമെന്നും മുതിർന്ന നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. തൃപ്പൂണിത്തുറയിൽ വലിയ വിജയപ്രതീക്ഷയാണെന്ന് കെ ബാബുവും വ്യക്തമാക്കി.

എൽഡിഎഫ് പരാജയപ്പെടുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതാക്കൾ. ബിജെപിയുടെ വോട്ട് ലഭിച്ചാൽ കളമശേരിയിൽ ജയിക്കാമെന്ന സിപിഐഎം പ്രതീക്ഷ വെറുതെയാകുമെന്നും നിലവിലെ സാഹചര്യത്തിൽ അവിടെ എൽഡിഎഫ് വിജയിക്കാൻ സാധ്യതയില്ലെന്നും നേതാക്കൾ അവകാശപ്പെട്ടു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന ജാഗ്രത പാലിക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ ഉച്ചയോടെ സംസ്ഥാനത്തെ ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന കാര്യത്തിൽ വ്യക്തമായ ചിത്രം പുറത്തുവരും.

Share Email
LATEST excelnclexrn
More Articles
Top