വാഷിംഗ്ടണ്‍: കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മയക്കുമരുന്നു കടത്തുകാര്‍ എന്നു സംശയിക്കുന്ന രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇവര്‍ സഞ്ചരിച്ച ബോട്ടിനു നേരെ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നു.ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായും ഒരാള്‍ രക്ഷപ്പെട്ടതായും യു.എസ്. സതേണ്‍ കമാന്‍ഡ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ രക്ഷപ്പെട്ടയാളെ കണ്ടെത്താന്‍ യു.എസ്. കോസ്റ്റ് ഗാര്‍ഡിനെ തിരച്ചില്‍-രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
ആക്രമണം സംബന്ധിച്ച് യു.എസ്. സതേണ്‍ കമാന്‍ഡ് പുറത്തുവിട്ട വീഡിയോയില്‍ സമുദ്രത്തില്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍ വന്‍ സ്‌ഫോടനം ഉണ്ടാകുന്നതും പിന്നാലെ തീ ഉയരുന്നതും കാണാം. ”മയക്കുമരുന്ന് കടത്ത് പാതയിലൂടെ സഞ്ചരിച്ചിരുന്ന ബോട്ടിനെയാണ് ലക്ഷ്യമിട്ടതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. എന്നാല്‍ ബോട്ടില്‍ മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ട്രംപ് ഒപ്പുവെച്ച പുതിയ ഭീകരവിരുദ്ധ തന്ത്രത്തിന്റെ ഭാഗമായാണ് ലാറ്റിന്‍ അമേരിക്കന്‍ ജലപ്രദേശങ്ങളിലെ മയക്കുമരുന്ന് കാര്‍ട്ടലുകള്‍ക്കെതിരായ സൈനിക നടപടികള്‍ ശക്തിപ്പെടുത്തിയിരിക്കുന്നത്. പാശ്ചാത്യ അര്‍ധഗോളത്തിലെ മയക്കുമരുന്ന് സംഘങ്ങളെ ഇല്ലാതാക്കുക എന്നതാണ് ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ കിഴക്കന്‍ പസഫിക്കിലും കരീബിയന്‍ കടലിലും അമേരിക്ക നടത്തിയ സമാന ആക്രമണങ്ങളില്‍ കുറഞ്ഞത് 193 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച ശേഷമാണ് ആക്രമണങ്ങള്‍ വ്യാപകമായത്. അമേരിക്കന്‍ ഭരണകൂടം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളോട് മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.അതേസമയം, ഈ ആക്രമണങ്ങളുടെ നിയമസാധുതയെ ചോദ്യം ചെയ്ത് മനുഷ്യാവകാശ സംഘടനകളും നിയമ വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. ആവശ്യമായ തെളിവുകള്‍ ഇല്ലാതെ നടത്തിയ ഇത്തരം സൈനിക നടപടികള്‍ അന്താരാഷ്ട്ര നിയമലംഘനവും നിയമവിരുദ്ധ കൊലപാതകവുമാണെന്ന വിമര്‍ശനവും ശക്തമാകുന്നു.
US military attack in the eastern Pacific Ocean: Two dead















