വാഷിംഗ്ടൺ: ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന ഗാംബിയൻ പതാക ഘടിപ്പിച്ച ചരക്കുകപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തി യുഎസ് സൈന്യം. കപ്പൽ പ്രവർത്തനരഹിതമാക്കിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുന്ന ഈ സൈനിക നീക്കം നടന്നത്.
‘എം/വി ലിയാൻ സ്റ്റാർ’ (M/V Lian Star) എന്ന ചരക്കുകപ്പൽ ഒമാൻ ഉൾക്കടലിലെ ഇറാനിയൻ തുറമുഖം ലക്ഷ്യമാക്കി നീങ്ങുന്നതിനിടയിലാണ് യുഎസ് സൈന്യം ആക്രമണം നടത്തിയത്. ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ള കടുത്ത നാവിക ഉപരോധം ലംഘിച്ചാണ് കപ്പൽ മുന്നോട്ട് പോയതെന്നും, യാത്ര അവസാനിപ്പിക്കാൻ കപ്പൽ ജീവനക്കാർക്ക് ഇരുപതിലധികം തവണ കർശന മുന്നറിയിപ്പ് നൽകിയിരുന്നതായും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
“മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ട് പോയ ലിയാൻ സ്റ്റാർ കപ്പലിന്റെ എൻജിൻ റൂമിലേക്ക് യുഎസ് യുദ്ധവിമാനം മാരകമായ ഹെൽഫയർ (Hellfire) മിസൈൽ തൊടുത്തുവിടുകയായിരുന്നു. ഇതോടെ കപ്പലിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചു. ഈ കപ്പലിന് ഇനി ഇറാനിലേക്ക് സഞ്ചരിക്കാൻ സാധിക്കില്ല.”- യുഎസ് സെൻട്രൽ കമാൻഡ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
ഇറാനിയൻ ഉപരോധം ആരംഭിച്ചതിന് ശേഷം യുഎസ് സൈന്യം ആക്രമിച്ചു തകർക്കുന്ന അഞ്ചാമത്തെ വാണിജ്യ കപ്പലാണിത്. ഇതിനുപുറമെ ഉപരോധം ലംഘിക്കാൻ ശ്രമിച്ച നൂറിലധികം കപ്പലുകളെ ഇതുവരെ യുഎസ് സൈന്യം വഴിതിരിച്ചുവിട്ടിട്ടുമുണ്ട്. വെള്ളിയാഴ്ച നടന്ന ഈ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സെൻട്രൽ കമാൻഡ് നിലവിൽ തയ്യാറായിട്ടില്ല. അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകൾ അനിശ്ചിതത്വത്തിൽ തുടരുന്നതിനിടയിൽ ഉണ്ടായ ഈ മിസൈലാക്രമണം മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യം വീണ്ടും വഷളാക്കിയിരിക്കുകയാണ്.















