കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ എഐസിസി ഹൈക്കമാൻഡ് രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തപ്പോൾ നൽകിയ വാക്ക് പാലിക്കാനായതിൽ അഭിമാനമുണ്ടെന്നും, യുഡിഎഫിനെ തിരികെ അധികാരത്തിലെത്തിക്കുക എന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. പരാജയപ്പെട്ടാൽ രാഷ്ട്രീയം വിടുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അഹന്തയുടെ ഭാഷയിൽ വനവാസത്തിന് പോകുമെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.
മതേതര കേരളത്തിന്റെ വിധിയെഴുത്താണ് ഈ വിജയമെന്നും പുതിയ തലമുറയുടെ ഭാവിയാണ് യുഡിഎഫെന്നും അദ്ദേഹം പറഞ്ഞു. ജാതിമത ചിന്തകൾക്ക് അതീതമായി ജനങ്ങൾ ഇത്തവണ യുഡിഎഫിനെ പിന്തുണച്ചു. സിപിഎമ്മിന്റെ കുത്തക കോട്ടകളിൽ പോലും വലിയ വിള്ളലുണ്ടാക്കാൻ മുന്നണിക്ക് സാധിച്ചു. സിപിഎമ്മിന്റെ രീതികളിൽ മനംമടുത്ത ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ പോലും ഇത്തവണ മാറ്റം ആഗ്രഹിച്ചുവെന്നതിന്റെ തെളിവാണ് ഈ ജനവിധി. ഒരൊറ്റ ഹർത്താലോ ബന്ദോ നടത്താതെ ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് ഈ വിജയം നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണിതെന്ന് വി.ഡി. സതീശൻ വിശേഷിപ്പിച്ചു. അമ്പലപ്പുഴ, തളിപ്പറമ്പ്, പയ്യന്നൂർ തുടങ്ങിയ ഇടതുകോട്ടകളിൽ വിസ്മയിപ്പിക്കുന്ന മുന്നേറ്റം ടീം യുഡിഎഫിന് സാധ്യമായി. ബിജെപി-സിപിഎം രഹസ്യ ധാരണകളെ അണികൾ തന്നെ വോട്ടിലൂടെ പൊളിച്ചെഴുതി. മാണി ഗ്രൂപ്പിനായി വാതിൽ തുറന്നിട്ടിട്ടും അവർ വരാൻ തയ്യാറായില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കുന്നതോടെ വരും ദിവസങ്ങളിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കും.















