നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹത്തിൽ നിന്ന് കറുത്ത ഇന്നോവ കാറുകൾ ഒഴിവാക്കുന്നു. പിണറായി വിജയൻ ഉപയോഗിച്ചിരുന്ന രണ്ട് കറുത്ത കാറുകൾ പൊലീസ് തിരികെ ഏറ്റെടുത്തു. പകരം വെള്ള ഇന്നോവ ക്രിസ്റ്റ കാറുകൾ നൽകാനാണ് പൊതുഭരണ വകുപ്പ് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ള കാറുകളിലാകും യാത്ര ചെയ്യുക.
യാത്രകളിൽ അമിത സുരക്ഷ വേണ്ടെന്ന് വി.ഡി. സതീശൻ പൊലീസിന് കർശന നിർദ്ദേശം നൽകി. പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ ഒഴികെയുള്ള അധിക സുരക്ഷാ സന്നാഹങ്ങൾ ഒഴിവാക്കാനാണ് നിർദ്ദേശം. സുരക്ഷയുടെ പേരിൽ റോഡുകൾ തടസ്സപ്പെടുത്തരുതെന്നും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു.
എസ്കോർട്ട് വാഹനവും വേണ്ടെന്ന നിലപാടിലായിരുന്നു നിയുക്ത മുഖ്യമന്ത്രിയെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി അത് നിലനിർത്തണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. മുൻ മുഖ്യമന്ത്രിയുടെ കാലത്തുണ്ടായിരുന്ന വലിയ സുരക്ഷാ സന്നാഹങ്ങളിൽ വലിയ മാറ്റം വരുത്തിക്കൊണ്ടുള്ള രീതിയാകും സതീശൻ പിന്തുടരുക.















