രാഹുൽ ഗാന്ധിക്കൊപ്പം 3 കോൺഗ്രസ് മുഖ്യമന്ത്രിമാർ, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും, സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞ വമ്പൻ ആഘോഷമാകും

രാഹുൽ ഗാന്ധിക്കൊപ്പം 3 കോൺഗ്രസ് മുഖ്യമന്ത്രിമാർ, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും, സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞ വമ്പൻ ആഘോഷമാകും

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് കേരളത്തിൽ അധികാരത്തിലേറുന്നത് വമ്പൻ ആഘോഷമാക്കാൻ ഒരുങ്ങി കോൺഗ്രസ്. തിങ്കളാഴ്ച നടക്കുന്ന വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രമുഖരുടെ വൻ നിരതന്നെ അണിനിരക്കുമെന്നാണ് സൂചന. ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കുമെന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.

കോൺഗ്രസ് ഭരണത്തിലുള്ള കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ചടങ്ങിൽ സംബന്ധിക്കുമെന്ന് ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയെക്കൂടി ചടങ്ങിലേക്ക് പ്രതീക്ഷിക്കുന്നത്. വിജയ് എത്തുന്ന കാര്യത്തിൽ സർക്കാർ വൃത്തങ്ങളിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും, തിങ്കളാഴ്ച രാവിലെ അദ്ദേഹം തിരുവനന്തപുരത്ത് എത്തിച്ചേരുമെന്നും ചടങ്ങിൽ പങ്കെടുത്ത ഉടൻ മടങ്ങുമെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന.

വിജയ് എത്തുന്ന പക്ഷം ഉണ്ടാകാനിടയുള്ള വലിയ ജനത്തിരക്കും ആരാധകരുടെ പ്രവാഹവും കണക്കിലെടുത്ത് തലസ്ഥാന നഗരിയിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പോലീസ്. മുപ്പതിനായിരത്തോളം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കൂറ്റൻ പന്തലാണ് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞയ്ക്കായി ഒരുങ്ങുന്നത്. വലിയ ജനപങ്കാളിത്തത്തോടെ അധികാരം കൈയാളുന്ന ചടങ്ങ് ചരിത്രമാക്കാനുള്ള വിപുലമായ തയ്യാറെടുപ്പിലാണ് യുഡിഎഫ് പ്രവർത്തകർ.

Share Email
LATEST excelnclexrn
Top