റിയാദ്: ആഗോളതലത്തിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങൾ എണ്ണ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് സൗദി അരാംകോ ചീഫ് എക്സിക്യൂട്ടീവ് അമിൻ നാസർ. കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം ലോക വിപണിയിൽ ഏകദേശം നൂറ് കോടി ബാരൽ എണ്ണയുടെ കുറവുണ്ടായതായി അദ്ദേഹം വെളിപ്പെടുത്തി. നിലവിലെ തടസ്സങ്ങൾ നീങ്ങി എണ്ണ വിതരണം പുനഃസ്ഥാപിച്ചാൽ പോലും ഊർജ്ജ വിപണി പഴയ നിലയിലേക്ക് തിരിച്ചെത്താൻ ഇനിയും സമയമെടുക്കുമെന്നും റോയിട്ടേഴ്സിന് നൽകിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. എത്ര വലിയ പ്രതിസന്ധികൾക്കിടയിലും തടസ്സമില്ലാതെ ഊർജ്ജ വിതരണം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ലോകത്തെ വലയ്ക്കുമ്പോഴും സാമ്പത്തികമായി വലിയ മുന്നേറ്റമാണ് സൗദി അരാംകോ കാഴ്ചവെക്കുന്നത്. 2026-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 120.13 ബില്യൺ റിയാൽ (32.5 ബില്യൺ ഡോളർ) അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. എണ്ണ വിലയിലുണ്ടായ വർധനവും വിൽപനയിലെ കുതിച്ചുചാട്ടവും മുൻവർഷത്തെ അപേക്ഷിച്ച് ലാഭത്തിൽ 25.5 ശതമാനത്തിന്റെ വൻ വർധനവുണ്ടാക്കാൻ സൗദി അരാംകോയെ സഹായിച്ചു. എണ്ണ വിപണിയിലെ അസ്ഥിരത തുടരുമ്പോഴും ലാഭത്തിന്റെ കാര്യത്തിൽ റെക്കോർഡ് നേട്ടമാണ് ഈ സൗദി എണ്ണ ഭീമൻ കൈവരിച്ചിരിക്കുന്നത്.















