ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധിയെ തുടർന്ന് രാജ്യത്ത് വിമാന ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ശക്തമായ ഇടപെടലുമായി കേന്ദ്ര സർക്കാർ. ഇന്ധനവില നിയന്ത്രിച്ചു നിർത്തുന്നതിനായി 10,000 കോടി രൂപയുടെ ‘വിമാന ഇന്ധന വില സ്ഥിരതാ ഫണ്ട്’ കേന്ദ്രം അനുവദിച്ചു. കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
പശ്ചിമേഷ്യയിലെ ആഭ്യന്തര സംഘർഷങ്ങൾ കാരണം വിമാന ഇന്ധന വില റെക്കോർഡ് വേഗത്തിലാണ് വർദ്ധിച്ചത്. ഇത് ആഭ്യന്തര വ്യോമയാന മേഖലയെയും യാത്രക്കാരെയും വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കാതിരിക്കാനാണ് കേന്ദ്രത്തിന്റെ അടിയന്തര നടപടി.
2026 മാർച്ചിൽ ലിറ്ററിന് 60.5 രൂപയായിരുന്ന ഇന്ധന നിരക്ക്, വെറും രണ്ട് മാസം കൊണ്ട് (മേയ് മാസത്തിൽ) 142 രൂപയായി ഉയർന്നിരുന്നു.
ആഭ്യന്തര സർവീസുകൾ നടത്തുന്ന വിമാനങ്ങൾക്കുള്ള ഇന്ധന നിരക്ക് ഇനി മുതൽ ലിറ്ററിന് 75.6 രൂപയായി കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തി.
നിരക്കുകൾ കുറയ്ക്കുന്നതിലൂടെ വിമാനക്കമ്പനികൾക്കുണ്ടാകുന്ന വൻ ബാധ്യത ഒഴിവാക്കാനും, അതുവഴി യാത്രാക്കൂലി വർദ്ധനവിൽ നിന്ന് സാധാരണക്കാരായ വിമാനയാത്രക്കാരെ സംരക്ഷിക്കാനും ഈ തീരുമാനം സഹായിക്കും.















