സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിലും പുനർമൂല്യനിർണയത്തിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയും സ്ഥലംമാറ്റി. പരീക്ഷാ ഫലങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് വ്യാപകമായ പരാതികളും പ്രതിഷേധങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ കടുത്ത നടപടി സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിർദ്ദേശത്തെ തുടർന്നാണ് ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറക്കിയത്.
കംപ്യൂട്ടർ അധിഷ്ഠിത മൂല്യനിർണയ രീതിയായ ഓൺ സ്ക്രീൻ മാർക്കിംഗിൽ (ഒഎസ്എം) ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രാഥമികമായി തെളിഞ്ഞിട്ടുണ്ട്. ഇതേത്തുടർന്ന് ഒഎസ്എം സേവനങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് സമഗ്രമായ ആഭ്യന്തര അന്വേഷണം നടത്താൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു. നിലവിൽ കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷൻ ചെയർപേഴ്സൺ ആയ എസ് രാധ ചൗഹാന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സമിതിക്കാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്. ഒരു മാസത്തിനകം ഈ വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
സിബിഎസ്ഇ പരീക്ഷാ പുനർമൂല്യനിർണയത്തിലെ പാകപ്പിഴകൾ പരിശോധിക്കാൻ പാർലമെന്ററി പാനൽ അവലോകന യോഗം ചേർന്നിരുന്നു. ഒഎസ്എം സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള കോംപ്റ്റ് എഡ്യൂടെക്ക് എന്ന കമ്പനിക്കെതിരെ ഉയർന്നുവന്ന ഗുരുതരമായ ആരോപണങ്ങളും ഈ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. ഈ ചർച്ചകൾക്ക് തൊട്ടുപിന്നാലെയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയുള്ള നിർണായകമായ നടപടി പുറത്തുവന്നത്.













