ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ ശക്തമാക്കി. ‘ഓൺ-സ്ക്രീൻ മാർക്കിംഗ്’ (ഒഎസ്എം) പദ്ധതിക്കായി കോംപ്റ്റ് എന്ന സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തേടി. ടെൻഡർ നടപടികളുടെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്നും വീഴ്ചകൾ കണ്ടെത്തിയാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
സിബിഎസ്ഇ പ്ലസ് ടു പരീക്ഷയുടെ ഡിജിറ്റൽ മൂല്യനിർണയത്തിനായുള്ള ടെൻഡർ നടപടികളിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. പ്രൊഫഷണൽ സ്കാനിങ് ഉപകരണങ്ങൾക്ക് പകരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തതെന്ന ഗുരുതര ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്.
ഡിജിറ്റൽ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ പ്രതിഷേധവുമായി എത്തിയ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനും സിബിഎസ്ഇക്കും എതിരെ വിമർശനം ശക്തമാക്കിയത്. 18.5 ലക്ഷം വിദ്യാർഥികളുടെ ആശങ്കകൾ അവഗണിക്കപ്പെടുകയാണെന്നും, പ്രധാനമന്ത്രി ‘മൻ കി ബാത്ത്’ പരിപാടിയിൽ മാമ്പഴത്തെക്കുറിച്ച് സംസാരിക്കുമ്പോൾ വിദ്യാർഥികൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ടെൻഡർ നടപടികളിലെ നിർണായക സാങ്കേതിക മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയാണ് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതെന്നും തുടർന്ന് ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാൻ മൊബൈൽ ഫോണുകൾ ഉപയോഗിച്ചുവെന്നുമാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. 2025 മേയിൽ പുറത്തിറക്കിയ ടെൻഡർ പ്രകാരം കുറഞ്ഞത് 300 ഡി.പി.ഐ റെസല്യൂഷനിൽ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് റോബോട്ടിക് സ്കാനറുകൾ ഉപയോഗിക്കണമെന്ന നിബന്ധന ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ പിന്നീട് ഓഗസ്റ്റിൽ പുറത്തിറക്കിയ പുതുക്കിയ ടെൻഡറിൽ ഈ പ്രധാന സാങ്കേതിക വ്യവസ്ഥകൾ ഒഴിവാക്കിയെന്നും ഇതുവഴിയാണ് വിവാദത്തിന് വഴിവെച്ചതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഉയർന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിഷയത്തിൽ സമഗ്ര പരിശോധന നടത്താനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം.















