ദക്ഷിണ മേഖല കൗൺസിൽ യോഗത്തിൽ മുല്ലപ്പെരിയാർ വിഷയം ഉന്നയിച്ച് കേരളം തങ്ങളുടെ നിലപാട് കൂടുതൽ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന കേരളം, നിർമ്മാണത്തിൻ്റെ മുഴുവൻ ചെലവും വഹിക്കാൻ തയ്യാറാണെന്നും സ്ഥലം തമിഴ്നാടിന് തീരുമാനിക്കാമെന്നും വി.ഡി. സതീശൻ അറിയിച്ചു. എന്നാൽ, അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന തങ്ങളുടെ പഴയ നിലപാടിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉറച്ചുനിൽക്കുകയാണുണ്ടായത്.
മണ്ഡല പുനർനിർണയ വിഷയത്തിൽ തമിഴ്നാട് തങ്ങളുടെ കർശന നിലപാടിൽ നേരിയ ഇളവ് വരുത്തി. നിയമസഭ പാസാക്കിയ പ്രമേയത്തിലെ നിലപാടുകൾ പൂർണ്ണമായി ആവർത്തിക്കാതിരുന്ന തമിഴ്നാട്, സംസ്ഥാനങ്ങളുടെ ആനുപാതിക പ്രാതിനിധ്യം കുറയരുതെന്ന് ആവശ്യപ്പെട്ടെങ്കിലും സീറ്റുകളുടെ എണ്ണം പൂർണ്ണമായും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടില്ല. എന്നാൽ, രാജ്യത്തെ ലോക്സഭാ സീറ്റുകൾ 543 ആയി നിലനിർത്തണമെന്നും നിലവിലെ സീറ്റെണ്ണത്തിൽ തന്നെ വനിതാ സംവരണം നടപ്പാക്കണമെന്നുമാണ് വി.ഡി. സതീശൻ ആവശ്യപ്പെട്ടത്. ഇതോടൊപ്പം തമിഴ്‌നാട് നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യവും വീണ്ടും മുന്നോട്ടുവെച്ചു.
മറ്റ് പ്രധാന അന്തർസംസ്ഥാന വിഷയങ്ങളിലും ഇരു സംസ്ഥാനങ്ങളും തങ്ങളുടെ ആവശ്യങ്ങൾ കൗൺസിലിന് മുന്നിൽ വച്ചു. കാവേരി തർക്കത്തിൽ സുപ്രീം കോടതി വിധിയും ട്രൈബ്യൂണൽ തീരുമാനവും കൃത്യമായി നടപ്പാക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. അതേസമയം, അന്തർസംസ്ഥാന സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസുകളുടെ ടോൾ ഒഴിവാക്കണമെന്നും, ബന്ദിപ്പൂർ രാത്രി യാത്രാവിലക്കിന് ശാസ്ത്രീയ പിൻബലമില്ലാത്തതിനാൽ ശാസ്ത്രീയ പരിശോധനകൾ നടത്തി നിയന്ത്രണങ്ങളിൽ പുനഃക്രമീകരണം വരുത്തണമെന്നും കേരളം ആവശ്യപ്പെട്ടു.

















