തിരുവനന്തപുരം: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ സൗജന്യയാത്രയെന്ന പ്രഖ്യാപനം നടപ്പാക്കി സംസ്്ഥാന സര്‍ക്കാര്‍. ഇന്നു രാവിലെ തമ്പാരൂര്‍ സ്റ്റാന്‍ഡില്‍ നിന്നും മുഖ്യമന്ത്രി വി.ഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും കെഎസ്ആര്‍ടിസി ബസില്‍ സെക്രട്ടേറിയറ്റിലേക്ക് യാത്ര ചെയ്താണ് പദ്ധതിയുടെ ഔദ്യോഗീക ഉദ്ഘാടനം നടത്തിയത്. ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളിലാണ് സൗജന്യയാത്ര നടപ്പാക്കുന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനായെന്ന സന്തോഷത്തോടെയാണ് ഈ ബസില്‍ യാത്ര തുടങ്ങുന്നതെന്നു മുഖ്യമന്ത്രി കുറിച്ചു. വെറുമൊരു ബസ് യാത്രയല്ല, കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിനം ഉയര്‍ത്തിപ്പിടിക്കുകയും അവരെ സ്വയംപര്യാപ്തതയിലേക്കും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും നയിക്കുന്നൊരു യാത്രയുടെ തുടക്കമാണ്. പുതുയുഗ കേരളത്തിലേക്കുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നിര്‍ണായക ചുവടുവയ്പ് കൂടിയാണ് ഈ യാത്ര.
പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും. പ്രത്യേകിച്ചും ജോലി സംബന്ധമായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വരുന്ന പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക്. ഇത്രയും നാള്‍ ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ. അത് ആ സ്ത്രീയുടെ ആത്മവിശ്വാസവും മനക്കരുത്തും വര്‍ധിപ്പിക്കും.
നല്‍കിയ വാക്കുകളൊക്കെ പാലിക്കുക തന്നെ ചെയ്യും. കാരണം അതൊക്കെ കേരളത്തിലെ ജനങ്ങളോടാണ് ഞങ്ങള്‍ പറഞ്ഞത്. സമൂഹത്തിലെ എല്ലാവരെയും ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകുകയെന്നതാണ് പുതുയുഗ കേരളത്തിലേക്കുള്ള യാത്രയില്‍ ഈ സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Chief Minister gives green signal for Priyadarshini Yatra: Free travel for women on KSRTC ordinary buses begins















