മുതിര്‍ന്നവരോടുള്ള അതിക്രമങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് മുഖ്യമന്ത്രി :വിഡി സതീശന്‍

മുതിര്‍ന്നവരോടുള്ള അതിക്രമങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് മുഖ്യമന്ത്രി :വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മുതിര്‍ന്ന പൗരന്മാര്‍ക്കെതിരായ അതിക്രമങ്ങളിലെ നടപടികളില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും, മുതിര്‍ന്നവരെ സംരക്ഷിക്കാന്‍ സര്‍ക്കാരും സമൂഹവും എപ്പോഴും കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക വയോജന അതിക്രമ വിരുദ്ധ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുതിര്‍ന്ന പൗരരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍കരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുതിര്‍ന്നവരോട് ക്രൂരമായി പെരുമാറുന്നവരോടും അവരെ അപമാനിക്കുന്നവരോടും സര്‍ക്കാര്‍ യാതൊരു ദാക്ഷിണ്യവും കാണിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുതിര്‍ന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി അവര്‍ക്ക് വേണ്ടി മാത്രം പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്നവര്‍ക്കായി ‘സില്‍വര്‍ ഇക്കോണമി’ എന്ന ആശയമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രായമായവരെ എല്ലാ കാര്യങ്ങളിലും സജീവമാക്കുക, അവര്‍ക്ക് വരുമാനവും സാമൂഹിക – സാമ്പത്തിക മേഖലകളില്‍ കൃത്യമായ പങ്കാളിത്തവും ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ തലമുറ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുമ്പോള്‍ വീടുകളില്‍ ഒറ്റപ്പെടുന്ന മാതാപിതാക്കളെ ചേര്‍ത്തുനിര്‍ത്താന്‍ സമൂഹത്തിന് വലിയ കടമയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളില്‍ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തില്‍ യാഥാര്‍ഥ്യമാക്കും. വരാനിരിക്കുന്ന ബജറ്റില്‍ മുതിര്‍ന്നവര്‍ക്കായി പ്രത്യേക പദ്ധതികളുണ്ടാവുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. തങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന ആത്മവിശ്വാസത്തോടെ മുതിര്‍ന്നവര്‍ മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

മുതിര്‍ന്നവരോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്ന ഒരു പുതിയ തലമുറ കേരളത്തില്‍ വളര്‍ന്നുവരണം. മുതിര്‍ന്നവരോടുള്ള അനുഭാവപൂര്‍ണമായ സമീപനം പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമാണ്. വരും വര്‍ഷങ്ങളില്‍ കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച വയോജന സൗഹൃദ സമൂഹമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ സാമൂഹ്യ നീതി വകുപ്പിന്റെ സ്നേഹ സന്ദേശം കാര്‍ഡ് തിരുവനന്തപുരം പുലയനാര്‍കോട്ട ഓള്‍ഡ് ഏജ് ഹോമിലെ അന്തേവാസിയായ ജഗദമ്മയ്ക്ക് മുഖ്യമന്ത്രി കൈമാറി.

സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍ ബി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി, സംസ്ഥാന വയോജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ. സോമപ്രസാദ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ. വി, കൗണ്‍സിലര്‍ ഷേര്‍ളി എസ്, ഒ.സി.ബി ചെയര്‍മാന്‍ എന്‍. അലി അബ്ദുള്ള തുടങ്ങിയവര്‍ സന്നിഹിതരായി.

CM says no compromise on violence against elders: VD Satheesan

Share Email
LATEST excelnclexrn
Top