ന്യൂയോര്‍ക്ക്: പൂര്‍ത്തിയാക്കാത്ത സയന്‍സ് ഫിക്ഷന്‍ വെബ് സീരീസിന്റെ പേരില്‍ നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് 11 മില്യണ്‍ ഡോളര്‍ തട്ടിയെടുത്ത കേസില്‍ ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ കാള്‍ റിന്‍ഷിന് (48) രണ്ടര വര്‍ഷം തടവുശിക്ഷ വിധിച്ചു.
ഫെഡറല്‍ വയര്‍ ഫ്രോഡ് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹത്തെ കുറ്റക്കാരനായി കോടതി കണ്ടെത്തിയത്.2013-ല്‍ പുറത്തിറങ്ങിയ ’47 ഞീിശി’ എന്ന ചിത്രത്തിന്റെ സംവിധായകനെന്ന നിലയിലാണ് റിന്‍ഷ് കൂടുതല്‍ അറിയപ്പെടുന്നത്.
പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം, ‘White Horse’ എന്ന സയന്‍സ് ഫിക്ഷന്‍ സീരീസ് പൂര്‍ത്തിയാക്കാന്‍ 11 മില്യണ്‍ ഡോളര്‍ കൂടി ആവശ്യമാണെന്ന് റിന്‍ഷ് നെറ്റ്ഫ്‌ലിക്‌സിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഈ തുക നിര്‍മാണത്തിനായി ഉപയോഗിക്കാതെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും ആഡംബര ജീവിതത്തിനായി ചെലവഴിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.
റോള്‍സ്-റോയ്‌സ് കാറുകള്‍, ഫെറാരി, വിലകൂടിയ വാച്ചുകള്‍, വസ്ത്രങ്ങള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നിവ വാങ്ങാനാണ് അദ്ദേഹം ഈ പണം ചെലവഴിച്ചത്. രണ്ട് മെത്തകള്‍ വാങ്ങാന്‍ മാത്രം 6.38 ലക്ഷം ഡോളര്‍ ചെലവഴിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കൂടാതെ ആഡംബര ബെഡ്ഡിംഗിനും ലിനനുകള്‍ക്കുമായി 2.95 ലക്ഷം ഡോളറും ഏകദേശം 18 ലക്ഷം ഡോളറിന്റെ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക തീര്‍ക്കാനും ഈ തുക ഉപയോഗിച്ചതായും കണ്ടെത്തി.
ശിക്ഷാവിധിക്ക് മുമ്പ് കോടതിയില്‍ സംസാരിച്ച റിന്‍ഷ്, തന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങളും മരുന്നുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളുമാണ് ഇത്തരം പെരുമാറ്റത്തിലേക്ക് നയിച്ചതെന്ന് പറഞ്ഞു. പുതിയ ചികിത്സയിലൂടെ ഇപ്പോള്‍ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
റിന്‍ഷിന് അഞ്ച് വര്‍ഷം തടവുശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കൂടാതെ ഏകദേശം 11 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി തിരിച്ചടയ്ക്കാനും അദ്ദേഹത്തിന് ബാധ്യതയുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. അദ്ദേഹം അത്യാഗ്രഹം കൊണ്ടാണ് ഈ തട്ടിപ്പ് നടത്തിയത്,’ പ്രോസിക്യൂട്ടര്‍ ഡേവിഡ് മാര്‍ക്വിറ്റ്‌സ് കോടതിയില്‍ വാദിച്ചു.
ലോസ് ആഞ്ചലസ് സ്വദേശിയായ റിന്‍ഷ് കൗമാരപ്രായത്തില്‍ തന്നെ ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിച്ച് സിനിമാരംഗത്തേക്ക് കടന്നു. പിന്നീട് പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം, കീനു റീവ്‌സ് നായകനായ ’47 Ronin’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്.
2018-ലും 2019-ലുമായി ‘White Horse’ സീരീസിനായി നെറ്റ്ഫ്‌ലിക്‌സ് റിന്‍ഷിന് ഏകദേശം 44 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്നു. 2020-ല്‍ സീരീസ് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ പണം ആവശ്യമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കമ്പനി വീണ്ടും 11 മില്യണ്‍ ഡോളര്‍ അനുവദിച്ചു.
എന്നാല്‍ ഈ തുക നിര്‍മ്മാണത്തിനായി ഉപയോഗിക്കാതെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ റിന്‍ഷ് അപകടസാധ്യതയേറിയ നിക്ഷേപങ്ങള്‍ നടത്തി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 11 മില്യണ്‍ ഡോളറിന്റെ പകുതിയോളം നഷ്ടപ്പെട്ടതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ശേഷിച്ച തുക ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ നിക്ഷേപിച്ച് ലാഭം നേടിയ അദ്ദേഹം ആ തുകയും സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ശിക്ഷ വിധിച്ച യു.എസ്. ജില്ലാ ജഡ്ജി ജെഡ് എസ്. റാക്കോഫ്, റിന്‍ഷിന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ചില അതിരുകടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിശദീകരണമാകാ മെങ്കിലും, നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് വലിയ തുക കൈക്കലാക്കാന്‍ മനഃപൂര്‍വം കള്ളം പറയുകയും പിന്നീട് അത് മറച്ചുവയ്ക്കാന്‍ വീണ്ടും കള്ളം പറയുകയും ചെയ്‌തെന്ന നിഗമനത്തെ അത് മാറ്റുന്നില്ലെന്ന് വ്യക്തമാക്കി.
Director Carl Rinsch sentenced to two and a half years in prison for embezzling $11 million over unfinished series
















