പാരീസ്: ഇസ്രായേലും ലെബനനും തമ്മിൽ ഒപ്പുവെച്ച പുതിയ ചട്ടക്കൂട് കരാറിനെ ശക്തമായി സ്വാഗതം ചെയ്ത് യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ. മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള വളരെ ‘നിർണ്ണായകമായ ഒരു ചുവടുവെപ്പാണിത്’ എന്ന് അവർ വിശേഷിപ്പിച്ചു. ലെബനൻ കത്തിയെരിയുമ്പോൾ മിഡിൽ ഈസ്റ്റിൽ ഒരിക്കലും സമാധാനം ഉണ്ടാകില്ലെന്ന് അവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
കരാറിന് മധ്യസ്ഥത വഹിച്ച അമേരിക്കയ്ക്ക് അവർ പ്രത്യേകം നന്ദി അറിയിച്ചു. ലെബനന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുക, ഔദ്യോഗിക ഭരണകൂടത്തിന് കീഴിലല്ലാത്ത മറ്റ് സായുധ ഗ്രൂപ്പുകളെ നിരായുധീകരിക്കുക എന്നതുമാണ് ഇനി മുന്നോട്ടുള്ള പ്രധാന നടപടികളെന്നും അവർ ചൂണ്ടിക്കാണിച്ചു.
മേഖലയിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള സ്ഥിരത കൈവരിക്കുന്നതിനുള്ള ഈ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ യൂറോപ്യൻ യൂണിയൻ സന്നദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. ആഭ്യന്തര സംഘർഷങ്ങൾ കാരണം ലെബനനിൽ നിന്ന് പായേണ്ടി വന്ന അഭയാർത്ഥികൾക്കായി 100 മില്യൺ യൂറോ (ഏകദേശം 114 മില്യൺ ഡോളർ) അടിയന്തിര മാനുഷിക സഹായമായി യൂറോപ്യൻ യൂണിയൻ അനുവദിച്ചതായും ഉർസുല വോൺ ഡെർ ലെയ്ൻ ഔദ്യോഗികമായി അറിയിച്ചു.
















