അമേരിക്കയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട സൊമാലിയന്‍ റഫറിക്ക് മുഴുവന്‍ പ്രതിഫലവും നല്കുമെന്നു ഫിഫ

അമേരിക്കയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട സൊമാലിയന്‍ റഫറിക്ക് മുഴുവന്‍ പ്രതിഫലവും നല്കുമെന്നു ഫിഫ

വാഷിംഗ്ടണ്‍: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനായി അമേരിക്കയില്‍ വിമാനമിറങ്ങിയ സൊമാലിയന്‍ റഫറിക്ക് രാജ്യത്ത് പ്രവേശനം നിഷേധിച്ച യുഎസ് നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ പുതിയ പ്രഖ്യാപനവുമായി ഫിഫ.

ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാനാകാതെ പോയാലും റഫറിക്ക് മുഴുവന്‍ പ്രതിഫലവും ന്‌ല്കുമെന്ന പ്രഖ്യാപനമാണ് ഫിഫ നടത്തിയിരിക്കുന്നത്. സൊമാലിയന്‍ റഫറി ഒമര്‍ ആര്‍ട്ടന് ഫിഫ ടൂര്‍ണമെന്റിനുള്ള മുഴുവന്‍ പ്രതിഫലവും നല്‍കും.ലോകകപ്പില്‍ ഒരു മത്സരം പോലും നിയന്ത്രിക്കാനാകാതെ വന്നാലും ആര്‍ട്ടന് ടൂര്‍ണമെന്റിനുള്ള പൂര്‍ണ ഫീസ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു ഫിഫ വ്യക്തമാക്കി.അടുത്ത മാസം ടൂര്‍ണമെന്റ് അവസാനിച്ചതിന് ശേഷമായിരിക്കും പ്രതിഫലത്തിന്റെ അന്തിമ തുക നിശ്ചയിക്കുക.

34-കാരനായആര്‍ട്ടണ്‍ ആഫ്രിക്കയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ റഫറിമാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. 2025-ല്‍ അദ്ദേഹം ആഫ്രിക്കയിലെ മികച്ച പുരുഷ റഫറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.കഴിഞ്ഞ ആഴ്ച മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ് അദ്ദേഹത്തിന് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ചു. ‘സുരക്ഷാ പരിശോധനകളുമായി ബന്ധപ്പെട്ട ആശങ്കകള്‍’ മൂലമാണ് ആര്‍ട്ടനെ പ്രവേശിപ്പിക്കാതിരുന്നതെന്നാണ് വിശദീകരണം.

അമേരിക്കയിലേക്കുള്ള യാത്രയ്ക്കായി അദ്ദേഹത്തിന് നേരത്തെ വിസ അനുവദിച്ചിരുന്നതായി എംബസി ഓഫ് സൊമാലിയ അറിയിച്ചു. ആരെയൊക്കെ പ്രവേശിപ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് ആതിഥേയ രാജ്യമാണെന്ന നിലപാടാണ് ഫിഫ കൈക്കൊണ്ടത്. ഇതോടെ ലോകകപ്പില്‍ പരിശീലനത്തിനും മത്സര നിയന്ത്രണത്തിനും ആര്‍ട്ടന് അവസരം ലഭിച്ചില്ല.അതേസമയം, ഈ ആഴ്ച സൊമാലിയയിലേക്ക് മടങ്ങിയെത്തിയ ആര്‍ട്ടനെ വന്‍ സ്വീകരണമാണ് നല്കിയത്. . 2030-ല്‍ മൊറോക്കോ, പോര്‍ച്ചുഗള്‍, സ്‌പെയിന്‍ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന അടുത്ത ലോകകപ്പില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

FIFA to pay full compensation to Somali referee denied entry to US

Share Email
LATEST excelnclexrn
Top