മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ കഴിഞ്ഞ പത്ത് വർഷമായി ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈൽ നമ്പർ പൊതുഭരണ വകുപ്പ് കട്ട് ചെയ്തു. മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി അദ്ദേഹം ഉപയോഗിച്ചിരുന്ന നമ്പറാണിത്. മുൻകൂട്ടി യാതൊരു അറിയിപ്പും നൽകാതെയാണ് പൊതുഭരണ വകുപ്പ് നമ്പർ വിച്ഛേദിച്ചത്.
ഇന്ന് രാവിലെ ഫോൺ ഉപയോഗിക്കാൻ ശ്രമിച്ചപ്പോഴാണ് നമ്പർ പ്രവർത്തനരഹിതമായ വിവരം പിണറായി വിജയനും ഓഫീസും അറിയുന്നത്. നിലവിൽ ഈ നമ്പറിലേക്ക് വിളിക്കുമ്പോൾ നിലവിലില്ല എന്ന സന്ദേശമാണ് ലഭിക്കുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി അദ്ദേഹത്തിന് പുതിയ മൊബൈൽ നമ്പർ ഉടൻ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഫോൺ നമ്പർ പെട്ടെന്ന് വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. സംഭവത്തിൽ പിണറായി വിജയന്റെ ഓഫീസ് നിലവിൽ പ്രതികരണത്തിന് തയ്യാറായിട്ടില്ലെങ്കിലും മുൻകൂട്ടി അറിയിക്കാതെയുള്ള നടപടിയിൽ പ്രതിഷേധമുണ്ട്.















