മണ്ണിക്കരോട്ട്: ചിരസ്മരണയായി അമേരിക്കന്‍ മലയാളി സാഹിത്യത്തിലെ പ്രകാശഗോപുരം

മണ്ണിക്കരോട്ട്: ചിരസ്മരണയായി അമേരിക്കന്‍ മലയാളി സാഹിത്യത്തിലെ പ്രകാശഗോപുരം

എ.എസ് ശ്രീകുമാര്‍

അമേരിക്കന്‍ മലയാളി സാഹിത്യത്തിന്റെ ചരിത്രകാരനും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോര്‍ജ് മണ്ണിക്കരോട്ടിന്റെ വിയോഗം വലിയ ശൂന്യത സൃഷ്ടിച്ചിരിക്കുന്നു. ഇത് പതിവുള്ള ആലങ്കാരിക വിശേഷണ വാക്കുകള്‍ക്കപ്പുറം തികഞ്ഞ യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹത്തിന്റെ സര്‍ഗസഫലമായ ജീവിതം തന്നെ സാക്ഷി. അമേരിക്കന്‍ മലയാളി സാഹിത്യ മണ്ഡലത്തില്‍ നിന്നുള്ള ആദ്യത്തെ മലയാള നോവലായ ‘ജീവിതത്തിന്റെ കണ്ണീര്‍’ (1982) പ്രസിദ്ധീകരിച്ചതിലൂടെ ശ്രദ്ധേയനായ അദ്ദേഹം ‘അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയാണ്. ആദ്യത്തെ ഫൊക്കാന സാഹിത്യ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി സാഹിത്യ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിച്ചെന്നത് ആ പ്രതിഭയുടെ മിന്നലാട്ടം കൊണ്ടാണ്.

അദ്ദേഹത്തിന്റെ ആദ്യകാല നോവലുകളായ ‘ജീവിതത്തിന്റെ കണ്ണീര്‍’, ‘അഗ്‌നിയുദ്ധം’ എന്നിവ ഉത്തരേന്ത്യയില്‍ ആയിരുന്നപ്പോഴാണ് എഴുതിയതെങ്കിലും, അമേരിക്കയിലേക്ക് കുടിയേറിയ ശേഷമാണ് ഇവ പ്രസിദ്ധീകരിക്കപ്പെട്ടത്. ‘അമേരിക്ക’ എന്ന ചരിത്ര നോവല്‍, അമേരിക്കയിന്‍ മലയാളി സമൂഹത്തിന്റെ തുടക്കം മുതലുള്ള കാല്‍നൂറ്റാണ്ടുകാലത്തെ ജീവിതത്തെ അടയാളപ്പെടുത്തുന്ന ഒന്നാണ്. നോവലുകള്‍ക്ക് പുറമെ ചെറുകഥകള്‍, ഉപന്യാസങ്ങള്‍, ചരിത്രം എന്നിവയും അദ്ദേഹം രചിച്ചിട്ടുണ്ട്.

1944 മെയ് 28-ന് കൊല്ലം ജില്ലയിലെ പട്ടാഴിയില്‍ ജനിച്ചു. പിന്നീട് പട്ടാഴിയുടെ വടക്കും പത്തനംതിട്ട ജില്ലയുടെ തെക്കുഭാഗത്തുമായി സ്ഥിതി ചെയ്യുന്ന കൈതപ്പറമ്പ് എന്ന ഗ്രാമത്തിലേക്ക് താമസം മാറി. പിന്നെ അമേരിക്കയിലേയ്ക്കുള്ള കുടുയേറ്റം. നോവലിസ്റ്റ്, ഉപന്യാസകാരന്‍, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം ഒരു സാഹിത്യ നിരൂപകനും പ്രസാധകനും എഡിറ്ററും കൂടിയായി തന്റെ കര്‍മ മേഖല വ്യാപിപ്പിച്ചു. നിരവധി സംഘടനകളുടെ നേതൃപദങ്ങള്‍ അലങ്കരിച്ചിട്ടുള്ള ജോര്‍ജ് മണ്ണിക്കരോട്ട്, ഇന്ത്യാ കാത്തലിക്‌സ് ഓഫ് ഹൂസ്റ്റണ്‍ (3 തവണ), കേരള റൈറ്റേഴ്‌സ് ഫോറം (2 വര്‍ഷം), മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ എന്നിവയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

കേരള ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, വേള്‍ഡ് മലയാളി കൗണ്‍സില്‍, മലങ്കര കാത്തലിക് മിഷന്‍ ഓഫ് ഹൂസ്റ്റണ്‍, മലയാളി പ്രസ് കൗണ്‍സില്‍ യു.എസ്.എ, ഹൂസ്റ്റണ്‍ തുടങ്ങിയവയുടെ നേത്വത്തില്‍ തിളങ്ങി. നോര്‍ക്കയിലും പ്രവര്‍ത്തിച്ചു.ഫൊക്കാന സാഹിത്യ സമ്മേളനത്തിന്റെ കോ-ചെയറായും ‘കേരളനാദം’ സാഹിത്യ-വാര്‍ത്താ മാസികയുടെ പബ്ലിഷറും ചീഫ് എഡിറ്ററായും തന്റെ ചുമതലകള്‍ നിറവേറ്റി. 1982 മുതല്‍ 2005 വരെ ഇന്ത്യാ കാത്തലിക്‌സ് ഓഫ് ഹൂസ്റ്റണ്‍ പ്രസിദ്ധീകരിച്ച നാല് സുവനീറുകള്‍, ഹൂസ്റ്റണിലെ എക്യുമെനിക്കല്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രസിദ്ധീകരിച്ച ഏക സുവനീര്‍, കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രസിദ്ധീകരണമായ ‘മാറ്റൊലി’ എന്നിവയുടെ എഡിറ്ററും ചീഫ് എഡിറ്ററുമായിരുന്നു.

‘മലയാളി അമേരിക്കയില്‍’ എന്ന കൈരളി ടി.വിക്കുവേണ്ടിയുള്ള ഡോക്യു-സീരിയലിന്റെ ചീഫ് കണ്‍സള്‍ട്ടന്റ് ആയിരുന്നു ജോര്‍ജ് മണ്ണിക്കരോട്ട്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതാറുണ്ടെങ്കിലും ഭൂരിഭാഗം രചനകളും മലയാളത്തിലാണ്. മുപ്പതിലധികം ചെറുകഥകളും നിരവധി ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അമേരിക്കയിലെ മിക്ക എല്ലാ മലയാളം പ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്റെ കഥകളും ലേഖനങ്ങളും അച്ചടിച്ചുവരാറുണ്ട്. കൂടാതെ കേരളത്തിലെ പ്രമുഖ മാധ്യമങ്ങളായ ദീപിക, ചന്ദ്രിക, കുങ്കുമം, കേരള കവിത തുടങ്ങിയവയിലും അദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവിതത്തിന്റെ കണ്ണീര്‍, അഗ്‌നിയുദ്ധം, അമേരിക്ക എന്നിവയാണ് പ്രധാന നോവലുകള്‍. മൗന നൊമ്പരങ്ങള്‍, അകലുന്ന ബന്ധങ്ങള്‍ എന്നിവ മികച്ച ചെറുകഥകളാണ്. കൂടാതെ ഒട്ടനേകം ലേഖനങ്ങളും ഉപന്യാസങ്ങളും രചിച്ചിട്ടുണ്ട്.

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ അവാര്‍ഡ് (1991), ഫൊക്കാന അവാര്‍ഡ് (1992), ഫൊക്കാന എഡിറ്റോറിയല്‍ അവാര്‍ഡ് (1996), കൈരളി അവാര്‍ഡ്, കോട്ടയം (1998), സാഹിത്യ സമന്വയ വേദി അവാര്‍ഡ്, കാലിക്കറ്റ് (2004), ക്രിസ്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അവാര്‍ഡ് (2006) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്കും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. യാത്രകള്‍, വായന, കവിത എന്നിവ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം വിവിധ പരിപാടികളുടെ സംഘാടനത്തിലും സജീവമായിരുന്നു. ഇന്ത്യയിലെ നിരവധി ഉള്‍നാടന്‍ ഗ്രാമങ്ങളിലും പ്രധാന നഗരങ്ങളിലും അദ്ദേഹം വ്യാപകമായി സഞ്ചരിച്ചിട്ടുണ്ട്. കൂടാതെ സിക്കിം, ഭൂട്ടാന്‍, നേപ്പാള്‍, കാനഡ, മെക്‌സിക്കോ, ഇറ്റലി (റോം, അസീസി, ഫ്‌ലോറന്‍സ്, വെനീസ്), ഹോളണ്ട്, ഇസ്രായേല്‍, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.

അമേരിക്കന്‍ മലയാളി സാഹിത്യത്തിലെ അക്ഷര സൗഭാഗ്യമായ ജോര്‍ജ് മണ്ണിക്കരോട്ടിന് ‘നേര്‍കാഴ്ച’യുടെ ആദരാഞ്ജലികള്‍.

Heartfelt condolences to George Mannikkarottu the gifted writer and cultural activist in US Malayalee community

Share Email
LATEST excelnclexrn
More Articles
Top