മുംബൈ: മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കുന്നതിനും കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഇന്ത്യ മുന്നണി വിട്ട് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയിലേക്ക് മാറുന്നതിനും പകരമായി കേന്ദ്രത്തിലും മഹാരാഷ്ട്രയിലും അധികാരപങ്കാളിത്തം ഉറപ്പാക്കാന്‍ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി (എസ്പി) നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ സുപ്രിയ സുലെയ്ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്നാണ് പ്രധാന ആവശ്യം. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നവംബര്‍ 30ന് ലോക്സഭയിലും ഡിസംബര്‍ 2ന് രാജ്യസഭയിലും ആരംഭിക്കാനിരിക്കെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായതായാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സുപ്രിയ സുലെയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിനൊപ്പം മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിലും രണ്ട് മന്ത്രിസ്ഥാനങ്ങള്‍ വേണമെന്നാണ് എന്‍സിപി (എസ്പി)യുടെ നിലപാട്. ജയന്ത് പാട്ടീലിന് ധനകാര്യ വകുപ്പും മുതിര്‍ന്ന നേതാവ് ജിതേന്ദ്ര അവ്ഹാദിന് മറ്റൊരു മന്ത്രിസ്ഥാനവും ലഭിക്കുമെന്നാണ് സൂചന. കൂടാതെ മുതിര്‍ന്ന നിയമസഭാംഗങ്ങളെ പരിഗണിച്ച് രണ്ട് സഹമന്ത്രിസ്ഥാനങ്ങളും പാര്‍ട്ടി ആവശ്യപ്പെടുന്നുണ്ട്. അതേസമയം, സുപ്രിയ സുലെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കാന്‍ ശരദ് പവാര്‍ നീക്കം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അവര്‍ തള്ളിക്കളഞ്ഞു. സംസ്ഥാന നിയമസഭയില്‍ പാര്‍ട്ടിക്ക് വെറും പത്ത് എംഎല്‍എമാര്‍ മാത്രമാണുള്ളതെന്നും ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സുപ്രിയ വ്യക്തമാക്കി.
മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പാര്‍ലമെന്റില്‍ ഔദ്യോഗിക പിന്തുണ പ്രഖ്യാപിക്കുന്നതിന് മുമ്പ് അധികാരപങ്കാളിത്തം സംബന്ധിച്ച ധാരണ ഉറപ്പാക്കണമെന്നാണ് എന്‍സിപി (എസ്പി)യിലെ ഒരു വിഭാഗത്തിന്റെ നിലപാടെന്ന് മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന ശരദ് പവാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഫോണില്‍ സംസാരിച്ച് പാര്‍ട്ടിയുടെ രാഷ്ട്രീയ സാഹചര്യവും നിര്‍ബന്ധിതാവസ്ഥയും വിശദീകരിച്ചതായും സൂചനയുണ്ട്. എന്‍സിപി (എസ്പി)യില്‍ പിളര്പ്പുണ്ടാകാതിരിക്കാന് മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യ മുന്നണിയിലെ നേതാക്കളെ പവാര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മണ്ഡല പുനര്‍നിര്‍ണയം ആവശ്യമാണെന്ന നിലപാട് ജിതേന്ദ്ര അവ്ഹാദും സുപ്രിയ സുലെയും നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം, ശരദ് പവാറിനെതിരായ രാഷ്ട്രീയ നീക്കസൂചനകളില് മഹാരാഷ്ട്ര കോണ്‍ഗ്രസ് അതൃപ്തി പ്രകടിപ്പിച്ചു. 85-ാം വയസില്‍ രാജ്യസഭയിലേക്ക് വീണ്ടും എത്തിക്കുന്നതിനായി ശരദ് പവാറിന് കോണ്‍ഗ്രസ് നല്കിയ പിന്തുണ പാര്‍ട്ടി ഓര്‍മിപ്പിച്ചു. 2026 മാര്‍ച്ചില്‍ നടക്കേണ്ട മഹാരാഷ്ട്രയിലെ ഏഴ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 36 വോട്ടുകള്‍ ആവശ്യമായിരുന്നുവെന്നും എന്‍സിപി (എസ്പിക്ക്) പത്ത് എംഎല്‍എമാര്‍ മാത്രമാണുണ്ടായിരുന്നതെന്നും കോണ്‍ഗ്രസ് എക്സിലെ കുറിപ്പില്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന് 16ഉം ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് 20ഉം എംഎല്‍എമാരുണ്ടായിരുന്ന സാഹചര്യത്തില്‍ സുപ്രിയ സുലെ പിന്തുണ തേടിയപ്പോള്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മടിയില്ലാതെ സമ്മതിച്ചുവെന്നും കുറിപ്പില്‍ പറയുന്നു. ‘ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്?’ എന്ന ചോദ്യത്തോടെയാണ് കോണ്‍ഗ്രസ് പ്രതികരണം അവസാനിപ്പിച്ചത്.
Sharad Pawar seeks a Union ministerial post for his daughter, Supriya Sule, in exchange for supporting the constituency delimitation bill.
















