ദോഹ: ആഗോള ഊർജ്ജ വിപണിയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന ഇറാന്റെ പ്രഖ്യാപനത്തിൽ ഇറാൻ അതീവ ജാഗ്രത പുലർത്തണമെന്ന് അന്താരാഷ്ട്ര പ്രതിരോധ നിരീക്ഷകർ. ഈ തന്ത്രപ്രധാനമായ ജലപാത അടയ്ക്കുന്നത് ഇറാന്റെ ശത്രുക്കളെക്കാൾ കൂടുതൽ ദോഷം ചെയ്യുക ടെഹ്റാന്റെ അടുത്ത സഖ്യകക്ഷികൾക്കായിരിക്കുമെന്ന് പ്രമുഖ സുരക്ഷാ അനലിസ്റ്റും മുൻ ഓസ്ട്രിയൻ പ്രതിരോധ അറ്റാഷെയുമായ വുൾഫ്ഗാങ് പുസ്തായ് ചൂണ്ടിക്കാട്ടി. അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇറാന്റെ ഈ നീക്കത്തിലെ അപകടസാധ്യതകൾ വിലയിരുത്തിയത്.
ഇറാന്റെ സൈനിക-നയതന്ത്ര തന്ത്രങ്ങളിൽ ഹോർമുസ് കടലിടുക്ക് ഏറ്റവും ശക്തമായ ഒരു ആയുധമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് പുസ്തായ് പറഞ്ഞു. എന്നാൽ, ഈ കാർഡ് ഉപയോഗിക്കുമ്പോൾ ഇറാൻ പരിധി വിടാതിരിക്കാൻ ശ്രദ്ധിക്കണം. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഭൂരിഭാഗം എണ്ണക്കപ്പലുകളും അമേരിക്കയിലേക്കോ യൂറോപ്പിലേക്കോ അല്ല പോകുന്നത് എന്ന കാര്യം ഇറാൻ ഓർക്കേണ്ടതുണ്ട്. ഈ കപ്പലുകളിൽ ഭൂരിഭാഗവും ഇന്ത്യ, ചൈന, പാകിസ്താൻ എന്നീ ഏഷ്യൻ രാജ്യങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്.
അതുകൊണ്ടുതന്നെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം എത്രത്തോളം തടസ്സപ്പെടുന്നുവോ, അത്രത്തോളം അത് ബാധിക്കുക ഇറാന്റെ ഏറ്റവും വലിയ സാമ്പത്തിക-രാഷ്ട്രീയ പങ്കാളിയായ ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ ആയിരിക്കും. ചൈനയ്ക്കും ഇന്ത്യയ്ക്കും ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ഇറാനുമായുള്ള അവരുടെ നയതന്ത്ര ബന്ധത്തെപ്പോലും ബാധിച്ചേക്കാം. അതുകൊണ്ട് ശത്രുക്കളെ സമ്മർദ്ദത്തിലാക്കാൻ ഇറാൻ നടത്തുന്ന ഈ നീക്കം സ്വന്തം മിത്രങ്ങൾക്ക് തിരിച്ചടിയാകാതിരിക്കാൻ ടെഹ്റാൻ നയതന്ത്രപരമായ വിവേകം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















