ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവും ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവുമായ ജസ്പാൽ റാണ അന്തരിച്ചു (49) ഇന്നു രാവിലെയാ യിരുന്നു അന്ത്യം. ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ വ്യാഴാഴ്ച രാത്രി അദ്ദേഹത്തിനു ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൂന്ന് പതിറ്റാണ്ടിലേറെയായി കളിക്കാരനായും പരിശീലകനായും ഇന്ത്യൻ ഷൂട്ടിങ് മേഖലയ്ക്ക് വലിയ സംഭാവന നൽകിയ ജസ്പാൽ റാണയുടെ അകാലത്തിലുള്ള വിയോഗം ഇന്ത്യൻ കായിക രംഗത്തിനു കനത്ത നഷ്ടമാണ്. കായിക രംഗത്തെ മികച്ച സംഭാവനകൾ മുൻനിർത്തി രാജ്യം അദ്ദേഹത്തെ അർജുന അവാർഡും പദ്മശ്രീയും നൽകി ആദരിച്ചിട്ടുണ്ട്.
ന്യൂഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ അദ്ദേഹത്തെ സാകേതിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കലികേഷ് നാരായൺ സിങ് ഡിയോ ആണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത സ്ഥിരീകരിച്ചത്.
1990കളിൽ അന്താരാഷ്ട്ര ഷൂട്ടിങ് രംഗത്ത് ഇന്ത്യയുടെ കരുത്തായി മാറിയ റാണ, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാംപ്യൻഷിപ്പ് എന്നിവയിൽ നിരവധി മെഡലുകൾ സ്വന്തമാക്കി.
പിസ്റ്റൾ വിഭാഗത്തിലാണ് ജസ്പാൽ റാണയുടെ നേട്ടങ്ങൾ അത്രയും. 2006 ദോഹ ഏഷ്യൻ ഗെയിംസിൽ മൂന്ന് സ്വർണ മെഡലുകൾ നേടിയ അദ്ദേഹം, 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ 590 പോയിന്റോടെ ലോക റെക്കോർഡിനൊപ്പമെത്തി. ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമായി നാല് സ്വർണം, 2 വീതം വെള്ളി, വെങ്കലം മെഡലുകൾ.
Indian shooting legend Jaspal Rana passed away















