തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആവേശമേകി മോഹൻലാലിനെയും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെയും ഒന്നിപ്പിച്ച് പ്രശസ്ത പരസ്യ സംവിധായകൻ ബെഞ്ച് മാർക്ക് ഗോപ്സ് ഒരുക്കിയ പരസ്യചിത്രം വൻ ഹിറ്റ്. രണ്ടാം സീസണിൽ ഇറങ്ങിയ പരസ്യ ചിത്രവും ബെഞ്ച് മാർക്സ് ഗോപ്സ് തന്നെയായിരുന്നു സംവിധാനം ചെയ്തിരുന്നത്
KCL ബ്രാൻഡ് അംബാസ്സിഡർ മോഹൻലാലും KCL ടൂർണമെന്റ് ഐക്കൺ താരം സഞ്ജു സാംസനും നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ പ്രൊമോ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആദ്യ പത്ത് മണിക്കൂറിനുള്ളിൽ ഇൻസ്റ്റാഗ്രാമിൽ മാത്രം ഇതുവരെ 2.1 മില്യൺ വ്യൂസ് നേടിയ വീഡിയോയ്ക്ക് എഴുപത്തി അയ്യായിരത്തിലധികം ലൈക്കും ലഭിച്ചിട്ടുണ്ട്.നിരവധിയാളുകളാണ് ഇതിനോടകം വിഡിയോ ഷെയർ ചെയ്തത്.
സിനിമാ ചിത്രീകരണത്തിന് ശേഷം കാറിൽ കയറുന്ന ലാലേട്ടൻ, വാഹനം ഓടിക്കുന്നത് സഞ്ജുവാണെന്ന് തിരിച്ചറിയാതെ സംസാരിക്കുന്നതാണ് പരസ്യചിത്രത്തിന്റെ പ്രമേയം. ഇരുവരുടെയും സംഭാഷണങ്ങളിലെ നർമ്മം വളരെ സ്വാഭാവികമായി ഒപ്പിയെടുക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് പോകാൻ ആവശ്യപ്പെടുന്ന താരത്തോട് ‘ചേട്ടൻ ക്രിക്കറ്റും കളിക്കുമോ?’ എന്ന് സഞ്ജു ചോദിക്കുന്നതും, സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ഓർമകളിൽ ലാൽ നൽകുന്ന ” സെൽഫ് ട്രോൾ ” മറുപടിയും പരസ്യചിത്രത്തിലെ ഹൈലൈറ്റാണ്.
സഞ്ജുവിനെ താനാണ് രാജസ്ഥാനിൽ നിന്ന് ചെന്നൈ ടീമിലേക്ക് കൊണ്ടുവന്നതെന്ന് പറയുന്നതും, ഒടുവിൽ ഡ്രൈവിംഗ് സീറ്റിലുള്ളത് സാക്ഷാൽ സഞ്ജുവാണെന്ന് തിരിച്ചറിയുമ്പോൾ മോഹൻലാൽ അമ്പരക്കുന്നിടത്തുമെല്ലാം ജനങ്ങളുടെ പ്രിയപ്പെട്ട ” ലാലേട്ടൻ മാജിക്ക് ” കാണാം..
ഗ്രൗണ്ടിലെ മികവിനൊപ്പം ക്യാമറയ്ക്ക് മുന്നിലും സഞ്ജുവിന്റെ സ്വതസിദ്ധമായ ശൈലി പുറത്തുകൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞു. മോഹൻലാലിന്റെ മികച്ച കോമഡി ടൈമിംഗും കൂടിയായപ്പോൾ സംവിധായകൻ ഗോപ്സ് ഒരുക്കിയ ഈ പരസ്യചിത്രം സിനിമാ-ക്രിക്കറ്റ് ആരാധകർ ഇരുകൈയും നീട്ടി ഏറ്റെടുത്തു. കുറച്ചുദിവസങ്ങൾക്ക് മുൻപ് മോഹൻലാലിനൊപ്പമുള്ള ചിത്രം സഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെസിഎല്ലിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഈ ഗംഭീര വീഡിയോ ആരാധകരിലേക്ക് എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഗോപ്സിൻ്റെ കരിയറിലെ മികച്ച സൃഷ്ടികളിലൊന്നായി ഈ പരസ്യചിത്രം മാറിയിരിക്കുകയാണ്.
The two stars come together; the Mohanlal-Sanju commercial was watched by two million people within 10 hours.

















