പശ്ചിമേഷ്യയിൽ കടുത്ത സംഘർഷം നിലനിന്നിരുന്ന ഹോർമുസ് കടലിടുക്കിൽ ഒടുവിൽ സമാധാന അന്തരീക്ഷം. ഇറാന് ലഭിക്കാനുള്ള മരവിപ്പിച്ച സ്വത്തുക്കളിൽ ആദ്യ ഘട്ടമായ 600 കോടി ഡോളർ ഖത്തർ വഴി വിട്ടുനൽകാൻ ധാരണയായിട്ടുണ്ട്. ഹോർമൂസ് കടലിടുക്കിൽ പൊട്ടിപ്പുറപ്പെട്ട കടുത്ത സംഘർഷം അവസാനിപ്പിക്കാൻ ഇതോടെ ഇറാനും അമേരിക്കയും തീരുമാനിച്ചു. ആകെ ലഭിക്കാനുള്ള 1200 കോടി ഡോളറിന്റെ പകുതിയാണ് ഖത്തർ വഴി ലഭിക്കുകയെന്ന് ഇറാൻ പ്രസിഡന്റ് സ്ഥിരീകരിച്ചു. എന്നാൽ, അടുത്ത ഘട്ട ചർച്ചകൾ ഈയാഴ്ച ദോഹയിൽ തുടങ്ങുമെന്ന വാർത്തകൾ ഇറാൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.
അതിനിടെ, തങ്ങൾ നിശ്ചയിച്ച റൂട്ട് വഴി മാത്രമേ കപ്പലുകൾക്ക് കടന്നുപോകാൻ അനുവാദമുള്ളൂവെന്നും ഹോർമൂസ് വീണ്ടും തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലായെന്നും ഇറാൻ അവകാശപ്പെട്ടു. നേരത്തെ ഒപ്പിട്ട ധാരണയ്ക്ക് പിന്നാലെ ഹോർമൂസിലെ ഇറാന്റെ ആധിപത്യം കുറയുംവിധം ഒമാൻ തീരം വഴി സുരക്ഷിത നാവിക പാത വന്നതും, സാമ്പത്തിക ഇളവുകൾ നടപ്പാകാതിരുന്നതുമാണ് മേഖലയിൽ സംഘർഷത്തിന് വഴിയൊരുക്കിയത്. ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാൻ ഒമാനും ഇറാനും തമ്മിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള ഇറാന്റെ തീരുമാനത്തോട് ഒമാന് യോജിപ്പില്ലെങ്കിലും സർവീസ് ചാർജ് ഈടാക്കാൻ അനുമതി നൽകിയേക്കുമെന്നാണ് സൂചന.
മറുഭാഗത്ത്, ഇറാന്റെ സൈനിക നീക്കങ്ങൾക്കെതിരെ അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട അയൽരാജ്യമായ ബഹ്റൈന് നേരെ ഇറാൻ കടുത്ത ഭീഷണി മുഴക്കിയിട്ടുണ്ട്. ബഹ്റൈൻ അതിരുവിട്ട് പെരുമാറിയാൽ തങ്ങളുടെ സൈനിക കരുത്ത് പുറത്തെടുക്കുമെന്നാണ് ഇറാൻ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് മുന്നറിയിപ്പ് നൽകിയത്. മേഖലയിലെ സംഘർഷങ്ങൾക്ക് താൽക്കാലിക ശമനമുണ്ടായെങ്കിലും വരും ദിവസങ്ങളിലെ ചർച്ചകളും ഒമാന്റെ നിലപാടുകളും പശ്ചിമേഷ്യയിൽ നിർണായകമാകും.
















