ടെഹ്‌റാന്‍: അമേരിക്ക -ഇറാന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നീക്കങ്ങളുമായി ഇറാന്‍. ഹോര്‍മൂസ് കടലിടുക്കില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കപ്പല്‍ ചാലുകളിലൊന്നായ ബാബ് അല്‍ മന്ദബ് കടലിടുക്കിലും ശക്തമായ നീക്കങ്ങള്‍ നടത്തുമെന്ന സൂചനയുമായി ഇറാനും സഖ്യകക്ഷികളും രംഗത്തെത്തി. ലബനനില്‍ ഇസ്രയേല്‍ സൈനീക നീക്കം വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് ഇറാന്റെ ഇത്തരത്തിലൊരു നീക്കം.
ലെബനനിലെ ഇസ്രായേലിന്റെ തുടര്‍ച്ചയായ സൈനിക നടപടികള്‍ കാരണം അമേരിക്കയുമായി നടത്തുന്ന പരോക്ഷ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകള്‍ തകരുന്നതില്‍ തനിക്ക് യാതൊരുവിധ ആശങ്കയുമില്ലെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.
ഇതിനോടൊപ്പം ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തലും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ലെബനന്‍ ഭാഗികമായ വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ദക്ഷിണ ലെബനനിലെ സൈനിക നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കിയത്. ഇസ്രായേല്‍ കരസേന നിലവില്‍ ലെബനനിലെ സഹ്‌റാനി നദി ലക്ഷ്യമാക്കി മുന്നേറുകയാണ്. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ലെബനനിലേക്ക് ഇസ്രായേല്‍ നടത്തുന്ന ഏറ്റവും ശക്തമായ കടന്നുകയറ്റമാണിത്.
ലെബനനിലും ഗാസയിലും ഇസ്രായേല്‍ സൈന്യം ആക്രമണം തുടരുന്നിടത്തോളം കാലം യാതൊരുവിധ ചര്‍ച്ചകളുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഇറാന്‍. യുദ്ധവുമായി മുന്നോട്ട് പോകുമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനം ഈ സംഘര്‍ഷം വേഗത്തില്‍ അവസാനിക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. ഇത് ബാബ് അല്‍ മന്ദേബ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കത്തെ വീണ്ടും വലിയ അപകടത്തിലാക്കുന്നു.ചെങ്കടലിന്റെ തെക്കേ പ്രവേശന കവാടത്തില്‍ യമനും ഹോണ്‍ ഓഫ് ആഫ്രിക്കയ്ക്കും ഇടയിലാണ് ബാബ് അല്‍ മന്ദേബ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും വീതി കുറഞ്ഞ ഭാഗത്ത് ഈ കടലിടുക്കിന് ഏകദേശം 29 കിലോമീറ്റര്‍ മാത്രമാണ് വിസ്തീര്‍ണമുള്ളത്.
സൂയസ് കനാലിലേക്കുള്ള പ്രധാന കവാടമായി പ്രവര്‍ത്തിക്കുന്ന ഈ കടലിടുക്ക് ഏഷ്യ, യൂറോപ്പ്, ആഫ്രിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവയെ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ ചാലിലൂടെ പരസ്പരം ബന്ധിപ്പിക്കുന്നുണ്ട്.
Iran to seize control of Bab al-Mandab Strait















