അമേരിക്ക-ഇറാൻ നയതന്ത്ര ചർച്ചകളിൽ നിർണായക നീക്കം; പതിനാലിന സമാധാന ധാരണകളുടെ പട്ടിക പുറത്തുവിട്ട് ഇറാൻ മാധ്യമം

അമേരിക്ക-ഇറാൻ നയതന്ത്ര ചർച്ചകളിൽ നിർണായക നീക്കം; പതിനാലിന സമാധാന ധാരണകളുടെ പട്ടിക പുറത്തുവിട്ട് ഇറാൻ മാധ്യമം

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന സൈനിക, സാമ്പത്തിക തർക്കങ്ങൾക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള പതിനാലിന സമാധാന ധാരണകളുടെ പട്ടിക ഇറാൻ മാധ്യമമായ മെഹർ ന്യൂസ് ഏജൻസി പ്രസിദ്ധീകരിച്ചു. മേഖലയിലെ കടുത്ത സംഘർഷങ്ങൾക്ക് അയവ് വരുത്താൻ ഉദ്ദേശിച്ചുള്ളതാണ് പുറത്തുവന്ന നിർദ്ദേശങ്ങൾ. ഇതനുസരിച്ച് ലബനൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ മേഖലകളിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കും. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെടില്ലെന്നും ഇറാന്റെ അതിർത്തി പരിധികളിൽ നിന്ന് അമേരിക്കൻ സേനയെ പിൻവലിക്കുമെന്നും പുതിയ നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.

ഇറാന് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച നാവിക ഉപരോധവും എണ്ണ ഉപരോധവും മുപ്പത് ദിവസത്തിനുള്ളിൽ അമേരിക്ക നീക്കം ചെയ്യണമെന്നതാണ് പട്ടികയിലെ മറ്റൊരു പ്രധാന വ്യവസ്ഥ. ഇതിന് പകരമായി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് മുപ്പത് ദിവസത്തിനകം അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ ഇറാനും സമ്മതിച്ചിട്ടുണ്ട്. കൂടാതെ, യുദ്ധക്കെടുതികൾ നേരിട്ട ഇറാന്റെ പുനർനിർമ്മാണത്തിനായി അമേരിക്കയും സഖ്യകക്ഷികളും 30,000 കോടി ഡോളർ നൽകണമെന്നും നിലവിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന 2,400 കോടി ഡോളറിന്റെ ഫണ്ട് ഉടൻ വിട്ടുനൽകണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. ഈ ഫണ്ടിന്റെ പകുതിയെങ്കിലും ലഭിച്ചാൽ മാത്രമേ തുടർചർച്ചകളുമായി മുന്നോട്ട് പോകൂ എന്നാണ് ഇറാന്റെ നിലപാട്.

ആഗോളതലത്തിൽ ആശങ്കയുയർത്തുന്ന ആണവ വിഷയത്തിൽ അന്തിമ കരാറിലെത്താൻ 60 ദിവസത്തെ ചർച്ചകൾ നടത്തുമെന്നും, ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്നും ആണവ നിർവ്യാപന കരാറിലേക്ക് വീണ്ടും മടങ്ങിയെത്തുമെന്നും പുതിയ നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു. ചർച്ചകൾ നടക്കുന്ന വേളയിൽ അമേരിക്ക തങ്ങളുടെ സൈനിക ശേഷി വർദ്ധിപ്പിക്കാൻ പാടില്ല. ഈ ധാരണകളുടെ മേൽനോട്ടത്തിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്നും ഇരുരാജ്യങ്ങളും ഒപ്പുവെക്കുന്ന അന്തിമ കരാറിന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ ഔദ്യോഗിക അംഗീകാരം വേണമെന്നും മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

Share Email
LATEST excelnclexrn
Top