ടെഹ്റാൻ: ആഗോള ഊർജ്ജ വിപണിയുടെ ഏറ്റവും നിർണ്ണായകമായ സമുദ്രപാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ പ്രഖ്യാപിച്ച ഔദ്യോഗിക പാതകളിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കടുത്ത മുന്നറിയിപ്പ് നൽകി. ഇറാൻ്റെ ഔദ്യോഗിക വാർത്താ മാധ്യമമായ ഐ.ആർ.ഐ.ബി ആണ് ഈ സുപ്രധാന വിവരം റിപ്പോർട്ട് ചെയ്തത്. ഈ തന്ത്രപ്രധാനമായ സമുദ്രമേഖലയിൽ ഇപ്പോഴും നിലനിൽക്കുന്നത് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെയും റവല്യൂഷണറി ഗാർഡ്സ് നേവിയുടെയും നിയമങ്ങൾ മാത്രമാണെന്ന് ഔദ്യോഗിക മാധ്യമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
യുഎൻ ഏജൻസിയായ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ ഏകോപനത്തോടെ ഒമാൻ ഭരണകൂടം തങ്ങളുടെ തീരത്തോട് ചേർന്ന് ഒരു താൽക്കാലിക ബദൽ പാത പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ പുതിയ നീക്കം. ഇറാൻ്റെ മുൻകൂർ അനുമതിയോ ഔദ്യോഗിക റൂട്ടുകളോ പാലിക്കാതെ കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അത്തരം നീക്കങ്ങൾ തികച്ചും അപകടകരമാണെന്നും സൈനിക വക്താക്കൾ അറിയിച്ചു. യുഎസും ഇറാനും തമ്മിലുള്ള യുദ്ധാനന്തര സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ, കടലിടുക്കിൻ്റെ പൂർണ്ണമായ നിയന്ത്രണം തങ്ങളുടെ കൈപ്പിടിയിലാണെന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നതാണ് ഇറാന്റെ ഈ പുതിയ മുന്നറിയിപ്പ്.
















