വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ പുനരന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.). കേസ് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ ആദ്യ യോഗം ഇന്ന് ചേർന്ന് നിലവിലെ സ്ഥിതിഗതികൾ വിശദമായി വിലയിരുത്തി. വിവാദ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ ആദ്യം പങ്കുവെച്ചവരിലൂടെ അതിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താനാണ് എസ്.ഐ.ടി. ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഡി.വൈ.എഫ്.ഐ. നേതാവ് റിബേഷ് രാമകൃഷ്ണനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
കേസിൽ മുൻപ് നടന്ന അന്വേഷണത്തിൽ സ്ക്രീൻഷോട്ട് പങ്കുവെച്ചവരെ കണ്ടെത്തിയിരുന്നെങ്കിലും ഇതിന്റെ നിർമ്മാതാവ് ആരാണെന്നോ, ഉറവിടം എവിടെയാണെന്നോ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ആദ്യഘട്ടത്തിൽ പങ്കുവെച്ചവരുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഇതിന്റെ പൂർണ്ണമായ ഫലം ഇനിയും ലഭ്യമായിട്ടില്ല. കൂടാതെ മെറ്റാ കമ്പനിയിൽ നിന്ന് ആവശ്യപ്പെട്ട വിവരങ്ങൾ ലഭിക്കാത്തതും മുൻ അന്വേഷണത്തെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൈബർ വിദഗ്ധരെക്കൂടി ഉൾപ്പെടുത്തി ആദ്യഘട്ടം മുതൽ അന്വേഷണം വീണ്ടും ആരംഭിക്കാൻ കോഴിക്കോട് റൂറൽ എസ്.പി. ടി. ഫറാഷ്, ഡി.വൈ.എസ്.പി. ടി. മനോഹരൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചത്.
അതേസമയം, നിലവിലെ അന്വേഷണ സംഘത്തിൽ സി.പി.എം. സഹയാത്രികരായ ഉദ്യോഗസ്ഥരെ കൂടുതലായി ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സംഘത്തിലുള്ള ചില ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ ആക്ഷേപങ്ങൾ ഉയർന്നതിന്റെ പേരിൽ ഉദ്യോഗസ്ഥരെ മാറ്റുന്നത് പൊലീസിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. പകരം കൃത്യമായ മേൽനോട്ടവും നിരീക്ഷണവും ഉറപ്പാക്കി അന്വേഷണത്തിന്റെ കാര്യക്ഷമത നിലനിർത്താമെന്ന് ഉന്നത നേതൃത്വം പ്രാദേശിക നേതാക്കൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.















