Caritas hospital

കാഫിർ സ്ക്രീൻഷോട്ട് കേസിൽ ആദ്യ അറസ്റ്റ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ പിടിയിൽ

കാഫിർ സ്ക്രീൻഷോട്ട് കേസിൽ ആദ്യ അറസ്റ്റ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ പിടിയിൽ

കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ വിവാദമായി മാറിയ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം (SIT). വ്യാജ സ്ക്രീൻഷോട്ട് വാട്സാപ്പിൽ ആദ്യം പങ്കുവെച്ച ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറാണ് പിടിയിലായത്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മറ്റി അംഗവും സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മറ്റി അംഗവുമായ ഇയാളെ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച് രണ്ടാമത്തെ ആഴ്ചയിലാണ് നിർണ്ണായകമായ ഈ അറസ്റ്റ് നടക്കുന്നത്.

‘വടകര സ്ക്വാഡ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് ഈ വ്യാജ സ്ക്രീൻഷോട്ട് ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ ജിതിൻ ഭാസ്കറാണ് സ്ക്രീൻഷോട്ട് ഗ്രൂപ്പിൽ ആദ്യം പങ്കുവെച്ചതും അവിടെനിന്ന് ഇത് മറ്റിടങ്ങളിലേക്ക് വ്യാപകമായി പ്രചരിച്ചതും. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നേരത്തെയും ഇയാളെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇന്ന് വീണ്ടും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.

വ്യാജ സ്ക്രീൻഷോട്ട് യഥാർത്ഥത്തിൽ നിർമ്മിച്ചത് ആരാണ്, ഇതിന് പിന്നിൽ മറ്റാരുടെയെങ്കിലും നിർദ്ദേശമോ ഗൂഢാലോചനയോ ഉണ്ടോ, പ്രചരിപ്പിച്ചതിന് പിന്നിൽ ആരുടെയൊക്കെ ഇടപെടലുകൾ നടന്നിട്ടുണ്ട് തുടങ്ങിയ നിർണ്ണായക വിവരങ്ങൾ ഇനിയും കണ്ടെത്തേണ്ടതുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇതിലേക്ക് വെളിച്ചം വീശാൻ കഴിയൂ എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. മുൻവർഷങ്ങളിലെ കുറ്റകൃത്യമായതിനാൽ നിലവിലെ ഭാരതീയ ന്യായ സംഹിതയ്ക്ക് പകരം ഐപിസി (IPC) വകുപ്പുകൾ ചുമത്തിയാണ് ജിതിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top