തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ സീസണിലെ ആദ്യ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവടങ്ങളിലാണ് റെഡ് അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇടുക്കി, തൃശൂര്‍, എറണാകുളം, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഞ്ഞ അലര്‍ട്ടും പുറപ്പെടുവിച്ചു.
വയനാട്ടിൽ കനത്ത ജാഗ്രത; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെൻ്ററുകൾ, മതപഠന ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ റസിഡൻഷ്യൽ സ്‌കൂളുകൾക്ക് ഈ അവധി ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
ആശങ്ക ഉയർത്തി കാറ്റും മഴയും
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം തന്നെ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം അമ്മൻചേരിയിൽ കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര ഇടിഞ്ഞുവീണ് മൂന്ന് പേർക്ക് പരിക്കേറ്റു. കോഴിക്കോട് നഗരത്തിൽ രാവിലെ വീശിയടിച്ച ശക്തമായ കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്.
മലയോര മേഖലകളിലും പ്രളയ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും, ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്നും കർശന നിർദ്ദേശമുണ്ട്.















