തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച “പ്രിയദർശിനി” സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ആർ.ടി.സി. വ്യക്തമാക്കുന്നു. പദ്ധതി നിലവിൽ വരുന്നതിന് മുൻപുണ്ടായിരുന്ന എല്ലാ ഓർഡിനറി സർവീസുകളും അതേപടി നിലനിർത്തിയിട്ടുണ്ടെന്നും, അവയിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നുണ്ടെന്നും കെ.എസ്.ആർ.ടി.സി. അറിയിച്ചു. നഗരത്തിലെ ഓർഡിനറി, സിറ്റി ഫാസ്റ്റ് സർവീസുകളെച്ചൊല്ലി യാത്രക്കാർക്കിടയിൽ ചില തെറ്റിദ്ധാരണകൾ പ്രചരിച്ച പശ്ചാത്തലത്തിലാണ് ട്രാൻസ്പോർട്ട് ഭവനിൽ നിന്നും ഈ ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയത്.
നിലവിൽ തിരുവനന്തപുരം നഗരത്തിലും ജില്ലയിലുമായി കെ.എസ്.ആർ.ടി.സി.യുടെ യാത്രാ സംവിധാനങ്ങൾ കൃത്യമായ കണക്കുകളോടെയാണ് സർവീസ് നടത്തുന്നത്. നഗരത്തിലൂടെ നിലവിൽ 384 സിറ്റി ഫാസ്റ്റ് ബസ്സുകളും, ജില്ലയിലുടനീളമായി 687 ഓർഡിനറി ബസ്സുകളും സർവീസ് നടത്തുന്നുണ്ട്. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഓർഡിനറി വിഭാഗം ബസുകൾക്ക് മാത്രമാണ് ബാധകമായിട്ടുള്ളത്. യാത്രക്കാരുടെ ആശയക്കുഴപ്പം ഒഴിവാക്കാനായി പദ്ധതിയിൽ ഉൾപ്പെട്ട ഓർഡിനറി ബസുകളിലും, ഉൾപ്പെടാത്ത സിറ്റി ഫാസ്റ്റ് ബസുകളിലും മുൻവശത്തും പ്രവേശന കവാടങ്ങളിലും പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
2022-ലെ സർക്കാർ നിരക്ക് വിജ്ഞാപനപ്രകാരം സിറ്റി ഓർഡിനറി സർവീസുകൾക്ക് കുറഞ്ഞ നിരക്ക് ₹10 രൂപയും സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് കുറഞ്ഞ നിരക്ക് ₹12 രൂപയുമാണ്. സിറ്റി ഫാസ്റ്റുകൾക്ക് സ്റ്റോപ്പുകൾ കുറവായതിനാൽ യാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും. പ്രത്യേക നിരക്കുള്ളതിനാൽ സിറ്റി ഫാസ്റ്റ് സർവീസുകൾ ഓർഡിനറി വിഭാഗത്തിൽ ഉൾപ്പെടില്ല. പദ്ധതി പ്രഖ്യാപിച്ച സമയത്തുതന്നെ സർവേ നടത്തി വിവരങ്ങൾ മാധ്യമങ്ങൾക്ക് സുതാര്യമായി കൈമാറിയിരുന്നതാണെന്നും, അതിനാൽ കെഎസ്ആർടിസിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന വ്യാജ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്നും കെ.എസ്.ആർ.ടി.സി. വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.















