കുവൈത്ത് സിറ്റി: കുവൈത്തിനുനേരെ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനെതിരെ കടുത്ത നയതന്ത്ര നടപടിയുമായി കുവൈത്ത് സർക്കാർ. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം അതീവ ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ അടിയന്തര നീക്കം.
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വഷളാകുന്നതിനിടെയാണ് കുവൈത്തിൻ്റെ ഈ കടുത്ത തീരുമാനം. രാജ്യത്തിൻ്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് കുവൈത്ത് വ്യക്തമാക്കി.
കുവൈത്തിനുനേരെ ഇറാന്റെ ഭാഗത്തുനിന്ന് തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടാകുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായി. ഇതിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുവൈത്തിലെ അലി അൽ സലേം എയർ ബേസ് ഉൾപ്പെടെയുള്ള യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും കുവൈത്തിന്റെ ദേശീയ സുരക്ഷാ കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടിട്ടുണ്ട്.















