pulimoottil

ലെബനൻ അതിർത്തിയിൽ നിന്ന് ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം: യുഎസ് സെന്റകോം ചീഫും ലബനൻ സൈനിക മേധാവിയും തമ്മിൽ കൂടിക്കാഴ്ച

ലെബനൻ അതിർത്തിയിൽ നിന്ന് ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം: യുഎസ് സെന്റകോം ചീഫും ലബനൻ സൈനിക മേധാവിയും തമ്മിൽ കൂടിക്കാഴ്ച

ബെയ്റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന് തെക്കുകിഴക്കുള്ള യാർസെയിലെ ഔദ്യോഗിക ഓഫീസിൽ വെച്ച് ലെബനീസ് സായുധ സേനാ മേധാവി ജനറൽ റുഡോൾഫ് ഹെയ്ക്കൽ, യുഎസ് സെൻട്രൽ കമാൻഡ് ചീഫ് അഡ്മിറൽ ബ്രാഡ് കൂപ്പറുമായും ഉന്നതതല സൈനിക പ്രതിനിധി സംഘവുമായും നിർണ്ണായക കൂടിക്കാഴ്ച നടത്തി. ലബനന്റെ ഔദ്യോഗിക വാർത്താ ഏജൻസി ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുദ്ധക്കെടുതി നേരിടുന്ന ലെബനനിലെയും മിഡിൽ ഈസ്റ്റിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളും, ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള ഭാവി സഹകരണം ശക്തമാക്കുന്നതിനുള്ള വഴികളും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു.

കരാർ നടപ്പിലാക്കുന്നതിൽ അമേരിക്ക നൽകുന്ന ശക്തമായ പിന്തുണയ്ക്ക് ജനറൽ ഹെയ്ക്കൽ നന്ദി അറിയിച്ചു. ലബനന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്ന രീതിയിൽ ഇരു സൈന്യങ്ങളും തമ്മിലുള്ള സഹകരണം തുടരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച വാഷിംഗ്ടണിൽ വെച്ച് ഒപ്പുവെച്ച ത്രികക്ഷി ചട്ടക്കൂട് കരാർ നടപ്പിലാക്കാൻ ലബനൻ ഔദ്യോഗിക നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് ഈ നിർണ്ണായക കൂടിക്കാഴ്ച നടക്കുന്നത്.

തെക്കൻ ലബനനിൽ നിന്ന് ഘട്ടം ഘട്ടമായി ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുന്നതിനെക്കുറിച്ചും, അതോടൊപ്പം ഹിസ്ബുള്ളയുടെ നിരായുധീകരണത്തെക്കുറിച്ചും വ്യക്തമാക്കുന്നതാണ് ഈ കരാറിന്റെ സുരക്ഷാ അനുബന്ധം. ഇതിന്റെ ഭാഗമായി തെക്കൻ ലബനനിലെ രണ്ട് ‘പൈലറ്റ് സോണുകളിൽ’ സുരക്ഷാ ചുമതല ലെബനൻ ഔദ്യോഗിക സൈന്യം ഏറ്റെടുക്കുന്നതിന്റെ മേൽനോട്ടം വഹിക്കാനാണ് യുഎസ് സെന്റകോം ചീഫ് നേരിട്ടെത്തിയത്.

Share Email
LATEST excelnclexrn
More Articles
Top