ന്യൂയോര്‍ക്ക്:2026-2028 കാലയളവിലേക്കുള്ള ഫൊക്കാന പ്രസിഡന്റായി ലീല മാരേറ്റിന്റെ സ്ഥാനാര്‍ഥിത്വ നാമനിര്‍ദ്ദേശം ന്യൂയോര്‍ക്കിലെ Kerala Samajam of Greater New York ഔദ്യോഗികമായി സമര്‍പ്പിച്ചു. സംഘടനയുടെ പ്രസിഡന്റ് ഹേമ ചന്ദ്രന്‍ പെരിയാല്‍, സെക്രട്ടറി മാത്യു കുട്ടി ഈസോ, ട്രഷറര്‍ വിനോദ് കെയാര്‍ക്ക് എന്നിവര്‍ ചേര്‍ന്നാണ് നാമനിര്‍ദ്ദേശ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ഫൊക്കാനയുടെ ചരിത്രത്തില്‍ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സജീവ പ്രവര്‍ത്തന പരിചയമുള്ള ലീല മാരെറ്റ്, സംഘടനയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ചക്കും പ്രവര്‍ത്തനങ്ങള്‍ക്കും സാക്ഷിയും പങ്കാളിയുമാണ്. കഴിഞ്ഞ 22 വര്‍ഷങ്ങളായി സംഘടനാ രംഗത്ത് അവര്‍ കാഴ്ചവച്ച അര്‍പ്പണബോധവും സ്ഥിരതയും, അവരെ ഇന്ന് ശ്രദ്ധേയമായ നേതൃമുഖങ്ങളിലൊന്നാക്കി മാറ്റിയിരിക്കുകയാണ്.
രാഷ്ട്രീയത്തിലും സംഘടനാ ജീവിതത്തിലും വിജയം മാത്രമല്ല, പരാജയങ്ങളും നേതാക്കളെ രൂപപ്പെടുത്താറുണ്ട്. പല തവണ അവസരങ്ങള്‍ കൈവിട്ടിട്ടും നിരാശയ്ക്ക് കീഴടങ്ങാതെ, കൂടുതല്‍ ഊര്‍ജ്ജത്തോടെയും പ്രതിബദ്ധതയോടെയും പൊതുരംഗത്ത് തുടരുന്ന ലീല മാരെറ്റിന്റെ യാത്ര അതിന്റെ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്. തോല്‍വികളെ അവസാനമായി കാണാതെ, അനുഭവങ്ങളായി സ്വീകരിച്ച് മുന്നേറുന്ന അവരുടെ സമീപനം നിരവധി പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായിട്ടുണ്ട്.
നിലവിലെ പ്രസിഡന്റ് ഡോ. സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട ശക്തമായ മുന്നേറ്റങ്ങളും സംഘടനാ ഊര്‍ജ്ജവും തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയുന്ന നേതൃപരിചയവും ടീം ശക്തിയും ലീല മാരെറ്റിനുണ്ടെന്നാണ് അനുയായികളുടെ വിലയിരുത്തല്‍. വ്യക്തതയും വിശ്വാസ്യതയും സംഘടനാ പരിചയവും കൈമുതലായ ഒരു സംഘത്തോടൊപ്പമാണ് അവര്‍ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ജീവിതത്തിന്റെ തുടക്കകാലത്ത് കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ. കരുണാകരന്റെ നേതൃശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ലീല മാരെറ്റ്, സംഘടനാ രംഗത്തും അതേ ശൈലിയിലുള്ള പ്രവര്‍ത്തനമികവും മനുഷ്യബന്ധങ്ങളും വളര്‍ത്തിയെടുത്തുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. പുതുതലമുറ നേതാക്കളെ വളര്‍ത്തിയെടുക്കുന്നതിലും സമൂഹസേവന പ്രവര്‍ത്തനങ്ങളില്‍ ആളുകളെ കൈപിടിച്ചുയര്‍ത്തുന്നതിലും അവര്‍ വഹിച്ച പങ്കും ശ്രദ്ധേയമാണ്.
സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തോടനുബന്ധിച്ച് ലീല മാരെറ്റ് പങ്കുവെച്ച സന്ദേശം ശ്രദ്ധേയമായി. താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍, FOKANA വടക്കേ അമേരിക്കയിലെ ഓരോ മലയാളിയെയും ഒരു സംഘടനയുടെ അംഗമായി മാത്രമല്ല, സ്വന്തം കുടുംബാംഗമായി കാണുമെന്നും, അമ്മയുടെ സ്‌നേഹത്തിന് സമാനമായ കരുതലോടെയും വിവേചനമില്ലാതെയും പക്ഷപാതമില്ലാതെയും ഓരോരുത്തരിലേക്കും സംഘടന എത്തിച്ചേരുമെന്നും അവര്‍ ഉറപ്പുനല്‍കി.
പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും മലയാളിയുടെ സംസ്‌കാരത്തെയും ബന്ധങ്ങളെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകള്‍ ഉള്‍ക്കൊള്ളുന്ന സന്ദേശമായാണ് പലരും ഇതിനെ കാണുന്നത്.
അവസാനം ഒരു ചോദ്യമാണ് ഉയരുന്നത്-അമ്മയുടെ സ്‌നേഹത്തേക്കാള്‍ വലിയ ഒരു സത്യം ഈ ലോകത്തില്‍ മറ്റെന്തെങ്കിലും ഉണ്ടോ?
Leila Maret is the official candidate for Fokana president: Experience and confidence















