ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായ ഇലോൺ മസ്കിന്റെ സ്പേസ് എക്സിന് (SpaceX) ഓഹരി വിപണിയിൽ വൻ തിരിച്ചടി. വെറും മൂന്ന് വ്യാപാര ദിനങ്ങൾ കൊണ്ട് കമ്പനിയുടെ വിപണി മൂല്യത്തിൽ 600 ബില്യൺ ഡോളറിലധികം (ഏകദേശം 57 ലക്ഷം കോടി രൂപയിലധികം) ഇടിവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച മാത്രം കമ്പനിയുടെ ഓഹരി വില 16 ശതമാനം ഇടിഞ്ഞ് 154.60 ഡോളറിലെത്തി. സ്പേസ് എക്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
ഈ ഭീമമായ നഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാകാൻ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആകെ സ്വത്തുമായി താരതമ്യം ചെയ്താൽ മതിയാകും. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ധനികരായ മുകേഷ് അംബാനിയുടെയും (88.3 ബില്യൺ ഡോളർ) ഗൗതം അദാനിയുടെയും (120 ബില്യൺ ഡോളർ) ആകെ സ്വത്തിന്റെ മൂന്നിരട്ടിയോളം വരും സ്പേസ് എക്സിന് മൂന്ന് ദിവസത്തിനിടെ ഉണ്ടായ ഈ തകർച്ച. കഴിഞ്ഞ മൂന്ന് ദിവസത്തെ ആകെ ഇടിവ് 23 ശതമാനമായാണ് ഉയർന്നത്.
ഇത്രയും വലിയ തകർച്ച നേരിട്ടെങ്കിലും സ്പേസ് എക്സ് ഇപ്പോഴും ലോകത്തെ വമ്പൻ കമ്പനികളുടെ നിരയിൽ മുൻപന്തിയിൽ തന്നെയുണ്ട്. നിലവിൽ 2 ട്രില്യൺ ഡോളറിലധികം വിപണി മൂല്യമുള്ള സ്പേസ് എക്സ്, ആഗോളതലത്തിൽ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി തുടരുകയാണ്. എങ്കിലും വിപണിയിലുണ്ടായ ഈ പെട്ടെന്നുള്ള ഇടിവ് സാമ്പത്തിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.















