കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പാർട്ടി അവഗണിക്കുന്നുവെന്ന ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണങ്ങൾ പൂർണ്ണമായും തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. പാർട്ടി ആരെയും അവഗണിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം കൂടി താൻ അവരുടെ വീട്ടിൽ നേരിട്ടെത്തി കണ്ടതാണെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിനോദിനി ആർക്കെതിരെയാണ് ആരോപണം ഉന്നയിച്ചതെന്ന് തനിക്ക് അറിയില്ലെന്നും എന്തുകൊണ്ടാണ് അവർ അങ്ങനെ പറഞ്ഞതെന്ന് അവരോട് തന്നെ ചോദിക്കണമെന്നും വ്യക്തമാക്കിയ എം.വി. ഗോവിന്ദൻ, കോടിയേരിയുടെ വീട്ടിൽ താൻ ഇടയ്ക്ക് പോകാറുണ്ടെന്നും മുൻ നേതാക്കളായ ഇ.കെ. നായനാരുടെയും ചടയൻ ഗോവിന്ദന്റെയും കുടുംബങ്ങളെ പാർട്ടി ഇപ്പോഴും സന്ദർശിക്കാറുണ്ടെന്നും ഓർമ്മിപ്പിച്ചു.
നേരത്തെ ‘പച്ചക്കുതിര’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ വിനോദിനി ബാലകൃഷ്ണൻ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയത്. കോടിയേരിയുടെ മരണശേഷം പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ നിന്ന് ക്രൂരമായ അവഗണനയാണ് നേരിട്ടതെന്നും നേതാക്കൾ കുടുംബത്തെ തിരിഞ്ഞുനോക്കിയില്ലെന്നുമാണ് അവർ പറഞ്ഞത്. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന ഒരു പി.ബി അംഗം ആവശ്യത്തിന് വിളിച്ചാൽ പോലും ഫോൺ എടുക്കാറില്ലെന്നും നാല് വർഷത്തിനിടെ ഒരിക്കൽ പോലും തങ്ങളുടെ സൗഖ്യം അന്വേഷിച്ചില്ലെന്നും വിനോദിനി തുറന്നടിച്ചിരുന്നു. ഇത് എം.വി. ഗോവിന്ദനെ ലക്ഷ്യം വെച്ചാണെന്ന വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ മറുപടി.
വാർത്താസമ്മേളനത്തിൽ യുഡിഎഫ് സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിലെ നിലപാടിനെയും എം.വി. ഗോവിന്ദൻ വിമർശിച്ചു. മുൻപ് ഇടതുപക്ഷ സർക്കാർ ഈ പദ്ധതിയുമായി സഹകരിക്കാൻ ആലോചിച്ചപ്പോൾ സിപിഎം-ബിജെപി കൂട്ടുകെട്ടാണെന്ന് ആരോപിച്ച് രംഗത്തെത്തിയ യുഡിഎഫ്, ഇപ്പോൾ പുതിയ ന്യായങ്ങൾ പറഞ്ഞ് പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കരാർ മാറ്റിവെക്കാൻ യുഡിഎഫ് സർക്കാരിന് സാധിക്കുമെന്നിരിക്കെ അവർ അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. എൽഡിഎഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെക്കുറിച്ചുള്ള തർക്കത്തിൽ ഇടതുപക്ഷ പാർട്ടികൾ ഒരുമിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ പുതിയ ബന്ധുനിയമന വിവാദത്തിലും യുഡിഎഫ് സർക്കാരിനെതിരെ അദ്ദേഹം ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു. മുൻപ് ബന്ധുനിയമനങ്ങൾക്കെതിരെ അതിശക്തമായ ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നവരാണ് ഇപ്പോഴത്തെ ഭരണപക്ഷമെന്ന് എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇപ്പോൾ തങ്ങളുടെ ഭാഗത്തുനിന്ന് ബന്ധുനിയമനം ഉണ്ടായപ്പോൾ ഭരണപക്ഷത്തെ ആരും ഒന്നും മിണ്ടുന്നില്ലെന്നും ബന്ധു കഴിവുള്ള ആളാണെന്ന ന്യായീകരണം തികച്ചും അവസരവാദപരമായ നിലപാടാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
MV Govindan rejects Vinodini Balakrishnan’s allegations of CPM neglecting Kodiyeri’s family















