നവകേരള സദസിലെ പിണറായിയുടെ ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ചത് എഡിജിപിയുടെ ഓഫീസിൽ; കോടതിയിൽ നിർണായക റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി

നവകേരള സദസിലെ പിണറായിയുടെ ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ചത് എഡിജിപിയുടെ ഓഫീസിൽ; കോടതിയിൽ നിർണായക റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി

നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച കേസ് അട്ടിമറിച്ചതാണെന്ന് വ്യക്തമാക്കുന്ന സുപ്രധാന റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കോടതിയിൽ സമർപ്പിച്ചു. കേസിൽ ആദ്യ അന്വേഷണ സംഘം തയ്യാറാക്കിയ വസ്തുതാപരമായ റിപ്പോർട്ട് അട്ടിമറിച്ചതും കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റഫർ റിപ്പോർട്ട് ആക്കി മാറ്റിയതും ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന്റെ ഓഫീസിൽ വെച്ചാണെന്ന് എസ്.ഐ.ടി. കണ്ടെത്തി. സംഭവത്തിൽ വൻ അട്ടിമറി നടന്നതായി മുൻ അന്വേഷണ ഉദ്യോഗസ്ഥനും സാക്ഷികളും അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.

കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ സംബന്ധിച്ച വിവരങ്ങളിലാണ് എ.ഡി.ജി.പി.യുടെ ഓഫീസിൽ വെച്ച് തിരുത്തൽ വരുത്തിയത്. സ്വകാര്യ വ്യക്തികൾ പകർത്തിയ മർദനത്തിന്റെ വ്യക്തമായ ദൃശ്യങ്ങൾ ഉൾപ്പെടെ ലഭ്യമായിരുന്നിട്ടും, കേസ് ഡയറിയിൽ നിന്ന് ഇവയെല്ലാം ബോധപൂർവ്വം ഒഴിവാക്കി. പകരം പോലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ദൃശ്യങ്ങൾ മാത്രമാണ് ലഭ്യമായതെന്ന രീതിയിൽ റിപ്പോർട്ട് തിരുത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഏറ്റവും പുറകിലെ വാഹനത്തിലായിരുന്ന പോലീസ് ഫോട്ടോഗ്രാഫർ സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും മർദനം കഴിഞ്ഞിരുന്നു. മർദന ദൃശ്യങ്ങൾ താൻ പകർത്തിയിട്ടില്ലെന്ന് ഈ ഫോട്ടോഗ്രാഫർ എസ്.ഐ.ടി.ക്ക് മൊഴി നൽകിയിട്ടുമുണ്ട്. മർദനത്തിന്റെ ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് കാണിച്ച് അന്ന് കേസ് അവസാനിപ്പിച്ചത് ഈ തിരുത്തിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.

വസ്തുതാപരമല്ലാത്ത വിവരങ്ങൾ കൂട്ടിച്ചേർത്ത് കേസ് അട്ടിമറിക്കാൻ നിർദ്ദേശം നൽകിയത് ആരാണെന്ന കാര്യത്തിൽ എസ്.ഐ.ടി. അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന്റെ ഓഫീസിലുണ്ടായിരുന്ന രണ്ട് എസ്.ഐ.മാരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളിൽ എ.ഡി.ജി.പി.യുടെ ഓഫീസിലെ കൂടുതൽ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.

Share Email
LATEST excelnclexrn
More Articles
Top