ടെൽ അവീവ്: ഇറാൻ ആണവായുധം കൈക്കലാക്കുന്നത് ഇസ്രായേലിന്റെ നിലനിൽപ്പിന് തന്നെ വലിയ ഭീഷണിയാണെന്നും അത് തടയാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ടെൽ അവീവിൽ നടന്ന ‘മുനി എക്സ്പോ’ തദ്ദേശ ഭരണ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെ ഒരു ആണവശക്തിയാകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ലക്ഷ്യം കാണുന്നതിനായി ഇറാന്റെ ഉള്ളിൽ കയറി നിരവധി രഹസ്യ ഓപ്പറേഷനുകൾ ഇസ്രായേൽ ഇതിനകം നടത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തി.
ഇറാൻ ആണവായുധ നിർമ്മാണത്തിന് തൊട്ടരികിലാണെന്ന് ഇസ്രായേലും അമേരിക്കയും വർഷങ്ങളായി ആരോപിക്കുന്നുണ്ടെങ്കിലും, അതിനെ സാധൂകരിക്കുന്ന കൃത്യമായ തെളിവുകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. യുഎസും ഇറാനും തമ്മിൽ നിലവിൽ സ്വിറ്റ്‌സർലൻഡിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ ഈ കടുത്ത പ്രതികരണം.
ലെബനൻ അതിർത്തിയിലെ സംഘർഷങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ലബനനിൽ ഇസ്രായേൽ സൈന്യത്തിന്റെ ലക്ഷ്യങ്ങൾ ഇതുവരെ പൂർണ്ണമായിട്ടില്ലെന്ന് വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഹിസ്ബുള്ളയുടെ ആക്രമണങ്ങൾ തടയുന്നതിനായി തെക്കൻ ലബനനിൽ ഇസ്രായേൽ ഒരു ‘സുരക്ഷാ ബഫർ സോൺ’ സ്ഥാപിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്ക ആവശ്യപ്പെട്ടാൽ പോലും തെക്കൻ ലബനനിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഇതേ കോൺഫറൻസിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് ബഫർ സോൺ സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.















