മാസപ്പടി കേസ്: സിഎംആർഎൽ ഹർജിയിൽ വിധി വെള്ളിയാഴ്ച, അതുവരെ തുടർനടപടികൾ പാടില്ലെന്ന് ഇഡിക്ക് ഹൈക്കോടതി നിർദേശം

മാസപ്പടി കേസ്: സിഎംആർഎൽ ഹർജിയിൽ വിധി വെള്ളിയാഴ്ച, അതുവരെ തുടർനടപടികൾ പാടില്ലെന്ന് ഇഡിക്ക് ഹൈക്കോടതി നിർദേശം

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെ സിഎംആർഎൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച വിധി പറയും. അതുവരെ ഹർജിക്കാർക്കെതിരായ തുടർനടപടികൾ പാടില്ലെന്ന് ഇഡിക്ക് കോടതി നിർദേശം നൽകി. തുടർനടപടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഹർജിക്കാർക്കെതിരെ മാത്രമാണെന്നും വീണ വിജയൻ ഉൾപ്പെടെ അപ്പീലിൽ കക്ഷികളല്ലാത്തവർക്കെതിരെ ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

സിഎംആർഎൽ സമർപ്പിച്ച ഹർജിയിൽ ബുധനാഴ്ച ഹൈക്കോടതി വിശദമായ വാദം കേട്ടു. ഇഡിയുടെ അധികാരപരിധിക്ക് പുറത്താണ് അന്വേഷണം ആരംഭിച്ചതെന്നാണ് സിഎംആർഎല്ലിന്റെ വാദം. കമ്പനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിലാണ് ഇഡി സമൻസ് അയച്ച് അന്വേഷണം ആരംഭിച്ചതെന്നും, ഒരു രാഷ്ട്രീയ നേതാവിന്റെ പരാതിയെ തുടർന്നാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്‌എഫ്‌ഐഒ) അന്വേഷണം തുടങ്ങിയതെന്നും കമ്പനി കോടതിയെ അറിയിച്ചു.

എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു. നിരപരാധിത്വം തെളിയിക്കുന്നതിനായി ആവശ്യമായ രേഖകൾ സമർപ്പിക്കാൻ സിഎംആർഎല്ലിന് അവസരമുണ്ടെന്നും, നിയമലംഘനം നടന്നിട്ടില്ലെങ്കിൽ ക്ലീൻ ചിറ്റ് ലഭിക്കുമല്ലോയെന്നും കോടതി നിരീക്ഷിച്ചു. സിഎംആർഎൽ ഒരു ലിസ്റ്റഡ് കമ്പനിയാണെന്നും, എക്സാലോജിക്കുമായി ബന്ധപ്പെട്ട രേഖകളാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ഷെഡ്യൂൾഡ് കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് ഇഡി കോടതിയിൽ വാദിച്ചു. അന്വേഷണം നടത്താൻ ഇഡിക്ക് നിയമപരമായ അധികാരമുണ്ടെന്നും, എക്സാലോജിക്കിലേക്ക് പണം കൈമാറിയതിന്റെ ഉദ്ദേശ്യത്തിൽ വ്യക്തതയില്ലെന്നും ഇഡി വ്യക്തമാക്കി. ഐടി സേവനങ്ങൾക്കായാണ് തുക നൽകിയതെന്നാണ് വിശദീകരണമെങ്കിലും അത്തരമൊരു സേവനം നടന്നിട്ടില്ലെന്നാണ് എസ്‌എഫ്‌ഐഒ റിപ്പോർട്ടിൽ പറയുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു.

സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ മറച്ചുവെക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പണമിടപാടുകൾ നടന്നതെന്നാണ് എസ്‌എഫ്‌ഐഒയുടെ കണ്ടെത്തലെന്നും ഇഡി വാദിച്ചു. ഇരുഭാഗങ്ങളുടെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഹർജി വിധി പറയാനായി മാറ്റിയത്. ഇഡിക്കായി അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരായപ്പോൾ, സിഎംആർഎല്ലിന് വേണ്ടി സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര ഹാജരായി.

Share Email
Top