ബോസ്റ്റണ്‍: ലോകകപ്പ് ഫുട്‌ബോളിലെ മുന്‍ കിരീട ജേതാക്കളായ ജര്‍മനിയെ പരാജയപ്പെടുത്തി പരാഗ്വെ പ്രീ ക്വാര്‍ട്ടറില്‍. ആവേശം നിറഞ്ഞ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു പരാഗ്വെയുടെ ജയം.നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. 42-ാം മിനിറ്റില്‍ ജൂലിയോ എന്‍സിസോയിലൂടെ പരാഗ്വെ മുന്നിലെത്തി. എന്നാല്‍ കായ് ഹാവെര്‍ട്സിലൂടെ ജര്‍മനിയുടെ മറുപടി. തുടര്‍ന്ന് എക്സ്ട്രാ ടൈമില്‍ ഇരു ടീമുകള്‍ക്കും ലീഡെടുക്കാന്‍ സാധിച്ചില്ല.
പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയിയെ തീരുമാനിക്കുകയായിരുന്നു. ജര്‍മന്‍ താരങ്ങളായ കായ് ഹാവെര്‍ട്സ്, നിക് വോള്‍ട്മെയ്ഡ് എന്നിവരുടെ കിക്ക് പരാഗ്വെ ഗോള്‍ കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്‍ തടുത്തു. . ജോണ്‍താന്‍ താഹ്, തന്റെ കിക്ക് പുറത്തേക്കടിച്ചു. പരാഗ്വെ താരങ്ങളായ അന്റോണിയോ സനാബ്രിയ, ഫാബിയന്‍ ബാല്‍ബ്യൂന എന്നിവര്‍ക്ക് തങ്ങളുടെ കിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല.
ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ജര്‍മ്മനി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ മിന്നും ഫോമിലായിരുന്ന ഡെനിസ് ഉന്‍ദാവിനെ ആദ്യ ഇലവനില്‍ ഇറക്കിയെങ്കിലും പരാഗ്വെയുടെ ശക്തമായ പ്രതിരോധത്തെ ഭേദിക്കാന്‍ ജര്‍മ്മന്‍ മുന്നേറ്റനിര പരാജയപ്പെട്ടു. അധികസമയത്ത് ജര്‍മ്മനിയുടെ ജോനാഥന്‍ താഹ് ഒരു ഗോള്‍ നേടിയെങ്കിലും, വാര്‍ പരിശോധനയില്‍ അത് നിഷേധിക്കപ്പെട്ടു.
ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ പരാഗ്വെ നേടുന്ന ആദ്യ ഗോളാണ് എന്‍സിസോയുടേത്. വരുന്ന മത്സരത്തില്‍ ഫ്രാന്‍സോ സ്വീഡനോ ആവും പരാഗ്വെയുടെ എതിരാളികള്‍.
Paraguay beats Germany to reach pre-quarters; Paraguay goalkeeper Orlando Gil becomes star
















