കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പരാതി തള്ളി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഖർഗെയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധിച്ച സംഘടനയ്ക്ക് ബി.ജെ.പിയുമായി യാതൊരു ബന്ധവുമില്ലെന്നും, വിഷയം ദളിത് വിരുദ്ധമായി ചിത്രീകരിച്ച് അദ്ദേഹം ഇരവാദം ഉന്നയിക്കുകയാണെന്നും ധാമി ആരോപിച്ചു. ഹൽദ്വാനിയിലെ കോൺഗ്രസ് റാലിക്ക് ശേഷം ബി.ജെ.പി പ്രവർത്തകർ വേദി ശുദ്ധീകരിച്ചെന്നും താൻ ദളിതനായതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും ഖർഗെ രാജ്യസഭയിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ വേദി ശുദ്ധീകരിച്ച ശ്രീറാം സേനയെന്ന സംഘടനയുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഖർഗെയുടെ പരാമർശത്തിൽ മതവികാരം വ്രണപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധമുണ്ടായതെന്നും ബാബു ജഗ്ജീവൻ റാം, സീതാറാം കേസരി, ഡോ. ബി.ആർ. അംബേദ്കർ എന്നിവരോട് കോൺഗ്രസ് സ്വീകരിച്ച സമീപനം എല്ലാവർക്കും അറിയാവുന്നതാണെന്നും കുറ്റപ്പെടുത്തി.
അതേസമയം, ഖർഗെയ്ക്കെതിരായ ജാതീയ അധിക്ഷേപത്തിൽ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാക്കുകയാണ് കോൺഗ്രസ്. വേദി ശുദ്ധീകരിച്ച സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പ്രധാനമന്ത്രി മാപ്പ് പറയണമെന്നുമാണ് പാർട്ടിയുടെ ആവശ്യം. വിവിധ സംസ്ഥാനങ്ങളിൽ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ നടന്നു വരുന്നു.
കേരളത്തിലും പ്രതിഷേധം ശക്തമായി നടക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡി.സി.സി ഭാരവാഹികളും ജനപ്രതിനിധികളും ചേർന്ന് പ്രതിഷേധ മാർച്ചുകളും മഹാത്മാഗാന്ധിയുടെയും അംബേദ്കറുടെയും പ്രതിമകൾക്ക് മുന്നിൽ സത്യഗ്രഹവും സംഘടിപ്പിക്കുന്നുണ്ട്. ബി.ജെ.പിയുടെയും പോഷകസംഘടനകളുടെയും വിദ്വേഷപരമായ മാനസികാവസ്ഥയും ഭരണഘടനാ മൂല്യങ്ങൾക്കെതിരെയുള്ള കടന്നുകയറ്റവുമാണ് ഈ സംഭവമെന്ന് കെ.പി.സി.സി കുറ്റപ്പെടുത്തി.

















