ടിഎംസി-കോൺഗ്രസ് ലയന നിർദ്ദേശങ്ങൾക്കിടെ സോണിയയുമായി മമതയുടെ നിർണായക കൂടിക്കാഴ്ച; വിമതർ പെരുകുന്നു, പാർലമെന്‍റിൽ അംഗസംഖ്യ കൂട്ടാമെന്ന പ്രതീക്ഷയിൽ ബിജെപി

ടിഎംസി-കോൺഗ്രസ് ലയന നിർദ്ദേശങ്ങൾക്കിടെ സോണിയയുമായി മമതയുടെ നിർണായക കൂടിക്കാഴ്ച; വിമതർ പെരുകുന്നു, പാർലമെന്‍റിൽ അംഗസംഖ്യ കൂട്ടാമെന്ന പ്രതീക്ഷയിൽ ബിജെപി

ദില്ലി: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ മുൻ മുഖ്യമന്ത്രി മമത ബാനർജി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ 10 ജൻപഥിൽ വെച്ച് നടന്ന കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ആകാംക്ഷയ്ക്ക് കാരണമായിട്ടുണ്ട്. ബി.ജെ.പി.യുടെ കരുനീക്കത്തിൽ നിന്ന് പാർട്ടിയെ രക്ഷിക്കാൻ തൃണമൂൽ കോൺഗ്രസ് കോൺഗ്രസിൽ ലയിക്കണമെന്ന ആവശ്യങ്ങൾക്കിടെയാണ് 2021-ന് ശേഷമുള്ള ഈ നിർണ്ണായക കൂടിക്കാഴ്ച. എന്നാൽ ലയന സാധ്യതകളെക്കുറിച്ച് ഇരുപാർട്ടികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, തൃണമൂൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലെ പൊട്ടിത്തെറി ഒഴിവാക്കാനുള്ള മമത ബാനർജിയുടെ ശ്രമങ്ങൾ പരാജയപ്പെടുകയാണ്. കൂടുതൽ എം.പിമാർ വിമത പക്ഷത്തേക്ക് നീങ്ങുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ മമത വിളിച്ച യോഗത്തിൽ പങ്കെടുത്ത യൂസഫ് പഠാൻ ഉൾപ്പെടെയുള്ളവർ ഡൽഹിയിലെത്തി വിമതർക്കൊപ്പം ചേർന്നു. അയോഗ്യത മറികടക്കാൻ ആവശ്യമായ 20 എം.പിമാർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് വിമത പക്ഷത്തിന്റെ അവകാശവാദം. വിമതരെ അനുനയിപ്പിക്കാൻ അഭിഷേക് ബാനർജി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. ടി.എം.സി. ചീഫ് വിപ്പായി വിമത എം.പി. കകോലി ഘോഷ് ദസ്തിദാറിനെ അംഗീകരിക്കരുതെന്ന് മമത പക്ഷം ലോക്സഭാ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തൃണമൂലിലെ വിമതരായ 20 എം.പിമാർ കൂടി പിന്തുണച്ചാൽ ലോക്സഭയിൽ എൻ.ഡി.എ.യുടെ അംഗസംഖ്യ 313 ആയി ഉയരും. വൈ.എസ്.ആർ.സി.പി.യും സ്വതന്ത്രരും ഉൾപ്പെടെ 10 പേർ കൂടിയാകുമ്പോൾ കേന്ദ്ര സർക്കാരിന് ബില്ലുകൾ പാസ്സാക്കാൻ ആവശ്യമായ ഭൂരിപക്ഷമാകും. ഇതിനുപുറമെ ഡി.എം.കെയുടെ 22 എം.പിമാരെയും ഒപ്പം നിർത്താൻ ബി.ജെ.പി. നീക്കം നടത്തുന്നുണ്ട്. മണ്ഡല പുനർനിർണ്ണയം പുതിയ സെൻസസിന് പകരം 1971-ലെ കണക്കനുസരിച്ച് നടത്താമെന്ന ഒത്തുതീർപ്പ് വ്യവസ്ഥ കേന്ദ്ര സർക്കാർ ഡി.എം.കെയ്ക്ക് മുന്നിൽ വെച്ചതായും റിപ്പോർട്ടുകളുണ്ട്.

Share Email
LATEST excelnclexrn
More Articles
Top