ആർഎസ്എസ് ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ കവരുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിലെത്താൻ ഭയക്കുകയാണെന്നും രാഹുൽ ഗാന്ധി. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് പാർലമെന്റിൽ വ്യക്തമാക്കിയ അദ്ദേഹം, തെരുവിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളുടെ ശക്തിയെ എല്ലാ രാഷ്ട്രീയ പാർട്ടികളും ബഹുമാനിക്കണമെന്നും ആവശ്യപ്പെട്ടു. സർവകലാശാലകളുടെ തലപ്പത്ത് ആർഎസ്എസുകാരെ തിരുകിക്കയറ്റി പരീക്ഷകൾ അട്ടിമറിക്കുകയും വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിച്ച് ആർഎസ്എസ് എല്ലാം പിടിച്ചെടുക്കുകയുമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രതിഷേധം വ്യവസ്ഥയോടുള്ള അവരുടെ വികാരമായിരുന്നുവെന്നും അതുതന്നെയും ആവേശഭരിതനാക്കിയെന്നും പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു. തന്നോട് സംസാരിച്ച ഒരു പെൺകുട്ടി, വിദ്യാർത്ഥികളെ ബഹുമാനിക്കാത്തവരെ ‘ഇഡിയറ്റ്’ എന്ന് വിശേഷിപ്പിച്ച കാര്യവും അദ്ദേഹം സഭയിൽ പങ്കുവെച്ചു. ഈ പരാമർശത്തിന് പിന്നാലെ ഭരണപക്ഷം സഭയിൽ കടുത്ത ബഹളം വെയ്ക്കുകയും നിലവാരമില്ലാത്ത പ്രയോഗങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യുമെന്ന് സ്പീക്കർ അറിയിക്കുകയും ചെയ്തു.
എന്നാൽ താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും ഏതെങ്കിലും അംഗത്തെ ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. അതേസമയം വിദ്യാർത്ഥികളുടെ പേരിൽ രാഹുൽ ഗാന്ധി മര്യാദകെട്ട വർത്തമാനം പറയുകയാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ആരോപിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയിൽ കുറച്ചുകൂടി മര്യാദയുള്ള ഭാഷ ഉപയോഗിക്കണമെന്നും സഭയിലെ പരാമർശം രേഖകളിൽ നിന്ന് മാറ്റണമെന്നും റിജിജു ആവശ്യപ്പെട്ടു.














