Caritas hospital

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി

വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ച ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ താൻ പ്രതി ചേർക്കപ്പെട്ടേക്കുമെന്ന ശക്തമായ വിലയിരുത്തലുകളെ തുടർന്നാണ് റിബേഷിന്റെ നിർണായക നീക്കം. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കഴിഞ്ഞ ദിവസങ്ങളിൽ റിബേഷിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് സാധ്യത മുൻകൂട്ടി കണ്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. റിബേഷ് സമർപ്പിച്ച മുൻകൂർ ജാമ്യഹരജി ജൂലൈ 3-ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.

കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കിയതോടെ റിബേഷ് രാമകൃഷ്ണൻ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ആദ്യ ഘട്ടത്തിൽ യുഡിഎഫ് പ്രവർത്തകരുടെ പേരിൽ പ്രചരിച്ച സ്ക്രീൻഷോട്ട്, പിന്നീട് ഇടതുപക്ഷ അനുകൂല വാട്സാപ്പ് ഗ്രൂപ്പുകളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ‘വടകര സ്ക്വാഡ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ വന്ന പോസ്റ്റാണ് റിബേഷ് ഷെയർ ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഗ്രൂപ്പിന്റെ അഡ്മിനായ ജിതിൻ ഭാസ്കരനെ കഴിഞ്ഞ ദിവസം എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റിബേഷിലേക്കും അന്വേഷണം നീണ്ടത്.

വ്യാജ സ്ക്രീൻഷോട്ട് നിർമിച്ച മൊബൈൽ ഫോണിലെ ഡേറ്റകൾ നശിപ്പിക്കപ്പെട്ടതായി പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വ്യാജ സന്ദേശം ആരാണ് നിർമിച്ചതെന്ന് കണ്ടെത്തുക എന്നതാണ് നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന സൂചനകൾക്കിടയിലാണ് ജൂലൈ 3-ന് കോടതി പരിഗണിക്കുന്ന റിബേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top