മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളും. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് പ്രമുഖ താരങ്ങൾ രംഗത്തെത്തിയത്. സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന മുതിർന്ന അംഗങ്ങൾ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ കടുത്ത നിലപാടെടുത്തു.
കണക്കുകളിൽ വലിയ പിഴവുകളുണ്ടെന്നും ഇത്തരം ഒരു റിപ്പോർട്ട് യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം പൂർണ്ണമായും കലുഷിതമായി. ഇതേത്തുടർന്ന് നിലവിലെ പ്രതിസന്ധി പരിഹരിക്കാനും റിപ്പോർട്ടിലെ വിവരങ്ങൾ വിശദമായി പഠിക്കാനുമായി അമ്മ പ്രസിഡന്‍റ് ശ്വേത മേനോൻ 45 ദിവസത്തെ സമയം ആവശ്യപ്പെട്ടു. വരവ് ചെലവുകളെച്ചൊല്ലി അംഗങ്ങൾ തമ്മിൽ പരസ്പരം വാക്പോര് രൂക്ഷമായതോടെ ഉച്ചയ്ക്ക് ശേഷവും റിപ്പോർട്ട് പാസാക്കാനുള്ള തീവ്രശ്രമങ്ങളാണ് യോഗത്തിൽ നടന്നത്.
ഭരണസമിതിക്കുള്ളിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ സംഘടനയുടെ മുൻ പ്രസിഡന്റ് മോഹൻലാൽ വിഷയത്തിൽ ഇടപെട്ട് കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെ.ബി. ഗണേഷ് കുമാർ ആവശ്യപ്പെട്ടു. തുടർന്ന് യോഗത്തിൽ അതീവ വൈകാരികമായാണ് മോഹൻലാൽ പ്രതികരിച്ചത്. വ്യക്തിപരമായ ഭിന്നതകൾ എന്തുതന്നെയായാലും ‘അമ്മ’ എന്ന സംഘടനയെ തകർക്കാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എന്നാൽ വാർഷിക റിപ്പോർട്ട് പാസാക്കാതെ നിലവിലെ ഭരണസമിതിക്ക് എങ്ങനെ മുന്നോട്ട് പോകാനാകുമെന്ന ചോദ്യവുമായി ഒരു വിഭാഗം ഉറച്ചുനിന്നതോടെ സംഘടനയിലെ ഭിന്നത പരസ്യമായിരിക്കുകയാണ്.















