സാന്‍ ഫ്രാന്‍സിസ്‌കോ: വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ കുട്ടികളെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ കോടിക്കണക്കിനു ഡോളര്‍ നഷ്ടപരിഹാരം നല്കാന്‍ സാന്‍ഫ്രാന്‍സിസ്‌കോ കത്തോലിക്കാ അതിരൂപത. 500-ലധികം കേസുകളില്‍ ഒത്തുതീര്‍പ്പിലെത്തി .395 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാനാണ് സാന്‍ ഫ്രാന്‍സിസ്‌കോ കത്തോലിക്ക അതിരൂപത സമ്മതിച്ചു. പരാതിക്കാരുടെ അഭിഭാഷകര്‍ തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഒത്തുതീര്‍പ്പിന്റെ ഭാഗമായി സാന്‍ ഫ്രാന്‍സിസ്‌കോ ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോറെ കോര്‍ഡിലിയോണ്‍ ഓരോ അതിജീവിതര്‍ക്കും വ്യക്തിപരമായി ക്ഷമാപണക്കത്ത് നല്‍കും.
കുട്ടികളുടെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനായി നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നും ധാരണയില്‍ വ്യവസ്ഥയുണ്ട്. ലൈംഗികാതിക്രമം ആരോപിക്കപ്പെട്ട എല്ലാ വൈദികരുടെയും പട്ടിക തയ്യാറാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് നിരവധി അതിജീവിതര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ജെഫ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ഏകദേശം 530 ലൈംഗികാതിക്രമ അതിജീവിതര്‍ക്കാണ് ഈ നഷ്ടപരിഹാരം ലഭിക്കുക.സഭാ വൈദികരുടെ ലൈംഗികാതിക്രമ ആരോപണങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വലിയ ഒത്തുതീര്‍പ്പാണിത്.
2024-ല്‍ ലോസ് ആഞ്ചലസ് അതിരൂപത സമാന കേസുകളില്‍ റെക്കോര്‍ഡ് 880 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ സമ്മതിച്ചിരുന്നു.
‘ജീവിതകാലം മുഴുവന്‍ ഈ ദുരനുഭവത്തിന്റെ ഭാരം വഹിച്ച അതിജീവിതര്‍ക്ക് നീതിയുക്തമായ നഷ്ടപരിഹാരം ലഭിക്കാന്‍ ഈ ഒത്തുതീര്‍പ്പ് വഴിയൊരുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ആര്‍ച്ച് ബിഷപ്പ് കോര്‍ഡിലിയോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.’വിശ്വാസികള്‍ക്കും സമൂഹത്തിനും ഞങ്ങള്‍ നല്‍കിവരുന്ന സേവനങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളും തുടര്‍ന്നുകൊണ്ടുപോകുന്നതിനൊപ്പം എല്ലാവര്‍ക്കും മുന്നോട്ടുപോകാന്‍ ഈ ധാരണ സഹായിക്കുമെന്നാണ് പ്രതീക്ഷ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോള്‍ഡന്‍ ഗേറ്റ് പാലത്തിന് വടക്കുള്ള കെന്റ്ഫീല്‍ഡിലെ മറിന്‍ കത്തോലിക്ക ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍, ഏകദേശം 50 വര്‍ഷം മുമ്പ് ഒരു വൈദികന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കേസ് നല്‍കിയ മാര്‍ജി ഒ’ഡ്രിസ്‌കോള്‍, ഈ ഒത്തുതീര്‍പ്പ് ദീര്‍ഘകാല പോരാട്ടത്തിന്റെ ഫലമാണെന്ന് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ആര്‍ച്ച് ബിഷപ്പുമായി ചര്‍ച്ച നടത്തിയ അതിജീവിതരുടെ സമിതിക്കാണ് നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നതെന്ന് അഭിഭാഷകന്‍ ജെഫ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.സാമ്പത്തിക നഷ്ടപരിഹാരത്തിന് പുറമേ, കുട്ടികളുടെ സംരക്ഷണവും സ്ഥാപനത്തിന്റെ സുതാര്യതയും ശക്തിപ്പെടുത്തുന്ന 14 നിര്‍ബന്ധിത നടപടികള്‍ അതിരൂപത നടപ്പാക്കണം. ലൈംഗികാതിക്രമം ആരോപിക്കപ്പെട്ട എല്ലാ വൈദികരുടെയും പുതുക്കിയ പട്ടിക, ആരോപണങ്ങളുടെ വിശദാംശങ്ങള്‍, അന്വേഷണ ഫലങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും വ്യവസ്ഥയുണ്ട്.
San Francisco Catholic Archdiocese to pay $395 million in sexual abuse cases
















