ഷിക്കാഗോ: അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ പട്ടണമായ ഷിക്കാഗോയില്‍ വാരാന്ത്യത്തില്‍ ഉണ്ടായ വ്യത്യസ്ഥങ്ങളായ വെടിവെയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ കുറഞ്ഞത് രണ്ട് ഡസനിലധികം വെടിവെപ്പ് സംഭവങ്ങള്‍ നടന്നതായി ഷിക്കാഗോ പോലീസ് പുറത്തുവിട്ട പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
കൊല്ലപ്പെട്ടവരില്‍ ഞായറാഴ്ച നെഞ്ചിനു വെടിയേറ്റ് മരണപ്പെട്ട 21 വസുകാരനും 50 വയസുകാരനും 18 വയസുകാരനായ മറ്റൊരാളും ഉള്‍പ്പെടുന്നു.വെള്ളിയാഴ്ച വൈകുന്നേരം ഒരു എസ്യുവി വാഹനം റോഡരികില്‍ നിര്‍ത്തിയ ശേഷം അതിനുള്ളിലുണ്ടായിരുന്ന രണ്ടുപേര്‍ വെടിയുതിര്‍ക്കുകയാ യിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതില്‍ ഷിക്കാഗോയിലെ ഒരു തെരുവില്‍ കൂട്ടംകൂടി നിന്നിരുന്ന 12 പേര്‍ക്ക് വെടിയേറ്റു.പരിക്കേറ്റവരില്‍ എട്ട് പുരുഷന്മാരും നാല് സ്ത്രീകളും ഉണ്ടായിരുന്നു. ഇവരില്‍ 17 വയസുകാരനും 47 വയസുകാരിയും ഉള്‍പ്പെടുന്നു. അമേരിക്കയില്‍ അടിമത്തത്തിന്റെ അവസാനത്തെ അനുസ്മരിക്കുന്ന ജൂണ്‍ടീന്ത് അവധിദിനത്തിലായിരുന്നു ഈ സംഭവം നടന്നത്. ”ജൂണ്‍ടീന്ത് ആഘോഷത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും ഒരു രാത്രിയായിരിക്കേണ്ടിയിരുന്നത് ഭീകരമായ അക്രമസംഭവം മൂലം തകര്‍ന്നുപോയതായി മേയര്‍ ബ്രാന്‍ഡണ്‍ ജോണ്‍സണ്‍ ശനിയാഴ്ച എക്സില്‍ കുറിച്ചു.”അക്രമത്തിന് നമ്മുടെ നഗരത്തില്‍ സ്ഥാനമില്ല. ഇതിന് ഉത്തരവാദികളായവര്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയിലെ മറ്റ് പ്രധാന നഗരങ്ങളിലും വാരാന്ത്യത്തില്‍ തോക്കുധാരികളുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫിലഡെല്‍ഫിയയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. സിന്‍സിനാറ്റിയില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മിസ്സൂരിയിലെ കാന്‍സസ് സിറ്റിയില്‍ വെള്ളിയാഴ്ച വൈകുന്നേരം നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഷിക്കാഗോ നഗരത്തില്‍ വ്യാപക വെടിവെയ്പ് ഉണ്ടായ പശ്ചാത്തലത്തില്‍ അമേരിക്കയിലെ മൂന്നാമത്തെ വലിയ നഗരത്തില്‍ സൈനിക ഇടപെടല്‍ വേണമെന്ന ആവശ്യം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ഉന്നയിച്ചു.ഗവര്‍ണര്‍ പ്രിറ്റ്‌സ്‌കര്‍ എന്തുകൊണ്ടാണ് സൈനീക സഹായം അഭ്യര്‍ഥിക്കാത്തതെന്നും തനിക്ക് ഷിക്കാഗോയെ ഒരു മാസത്തിനുള്ളില്‍ സുരക്ഷിത നഗരമാക്കാന്‍ കഴിയുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ അത് രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നായിരിക്കുമെന്നും ട്രംപ് ഞായറാഴ്ച രാവിലെ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഷിക്കാഗോ പോലീസ് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോള്‍ വെടിവെപ്പ് സംഭവങ്ങളില്‍ ചെറിയ വര്‍ധനയു ണ്ടെങ്കിലും, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നഗരത്തിലെ അക്രമാസക്ത കുറ്റകൃത്യങ്ങളുടെ നിരക്ക് പൊതുവേ കുറഞ്ഞുവരികയാണ്. ഇത് ദേശീയ തലത്തിലെ പ്രവണതയുമായി പൊരുത്തപ്പെടുന്നതുമാണ്.
Seven people killed, 36 injured in multiple shootings in Chicago













