അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി കൂടുതൽ സൂചനകൾ പുറത്ത്. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ വിഗ്രഹത്തിന് സംഭാവനയായി സമർപ്പിച്ച 60 കിലോഗ്രാം വെള്ളിക്കട്ടികൾ കാണാനില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. രാജ്യത്തെ ജ്വല്ലേഴ്സ് അസോസിയേഷൻ നൽകിയ ഈ വെള്ളിക്കട്ടികൾ മോഷണം പോയതായാണ് പ്രാഥമിക നിഗമനം.
ഏകദേശം 200 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് വിലയിരുത്തൽ. സ്വർണം, വെള്ളി, വജ്രം തുടങ്ങിയ വിലയേറിയ വസ്തുക്കളും നഷ്ടപ്പെട്ടതായി സംശയമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ക്ഷേത്ര ജീവനക്കാരെ എസ്‌ഐടി കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരു ജീവനക്കാരന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപ കണ്ടെടുത്തു.
ക്ഷേത്രത്തിലെ നിലവിലെ ജീവനക്കാർക്ക് പുറമെ മറ്റുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. അതിനിടെ, തട്ടിപ്പ് വിവാദമായ പശ്ചാത്തലത്തിൽ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിട്ടേക്കുമെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത നിർണായക യോഗത്തിൽ നിന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി നേതാവുമായ ചമ്പത് റായിയെ മാറ്റിനിർത്തിയത് ഈ ഊഹാപോഹങ്ങൾക്ക് ശക്തി പകരുന്നു. തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നതോടെ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് അധികൃതരുടെ തീരുമാനം.
















