ന്യൂജേഴ്സി:ന്യൂജേഴ്‌സിയില്‍ ആസിഡ് ആക്രമണത്തില്‍ ആറുപേര്‍ക്ക് പൊള്ളലേറ്റു. മൂന്നു കൗമാരക്കാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കാണ് പൊള്ളലേറ്റത്.. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമണവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്കെതിരെ കേസെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ചൊവ്വാഴ്ച പൊലീസ് വക്താവ് അറിയിച്ചു.
തിങ്കളാഴ്ച രാത്രി ന്യൂജേഴ്സി സിറ്റിയിലെ ഒരു റസിഡന്‍ഷ്യല്‍ ഏരിയായിലാണ് സംഭവം നടന്നത്. വീടിനു പുറത്തു നിന്നവര്‍ക്കു നേരെ ഒരു വാഹനത്തിലെത്തിയ അക്രമി ഒരു ദ്രാവകം ഒഴിക്കുകയായിരുന്നുവെന്നുജേഴ്സി സിറ്റി പൊതുസുരക്ഷാ വകുപ്പിന്റെ വക്താവായ കിം വാലസ് സ്‌കാല്‍സിയോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. മുമ്പുണ്ടായ ഒരു തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരിക്കാം ഈ സംഭവമെന്നും പോലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റവരില്‍ 21 വയസ്സുള്ള ഒരു യുവതിയെ ചൊവ്വാഴ്ച പ്രത്യേക ബേണ്‍ യൂണിറ്റിലേക്ക് മാറ്റി. മുഖത്തും തലയിലുമാണ് ഇവര്‍ക്ക് പൊള്ളലേറ്റത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും കേസന്വേഷണത്തിനായി പൊലീസ് ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജേഴ്സി സിറ്റി മേയര്‍ ജെയിംസ് സോളമന്‍ അറിയിച്ചു.
Six people burned in acid attack in New Jersey: Juvenile suspect arrested















